പാലോട്: ഉഴവുമാടുകളെ വില്‍ക്കാനും വാങ്ങാനുമായി പാലോട്ട് പഴമക്കാര്‍ തുടങ്ങി വച്ച കാളച്ചന്ത കനകജൂബിലി ശോഭയില്‍. തിരുവനന്തപുരം - കൊല്ലം ജില്ലകളുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കാര്‍ഷിക സംസ്കാരത്തിന്റെ വിത്തുപാകിയ കാളച്ചന്തയുടെ 49-ാമത് പുനഃസമാഗമത്തിന് ഇക്കഴിഞ്ഞ ദിവസം പാലോട് രവി എം.എല്‍.എ ഭദ്രദീപം തെളിച്ചു.
തുടക്കം കൊയ്തൊഴിഞ്ഞ വയലുകളില്‍
പണപ്പിരിവില്ലാതെ പതിനായിരങ്ങളുടെ കൂടിച്ചേരലിനും കലാസ്വാദനത്തിനും കാര്‍ഷിക വിളകളുടെ വിപണനത്തിനും വേദിയൊരുക്കുന്നു എന്നതാണ് ഈ ഗ്രാമോത്സവത്തിന്റെ സവിശേഷത. ചിങ്ങകൊയ്ത്തിന്റെയും മകരകൃഷിയുടെയും ഇടവേളകളില്‍ കൊയ്തൊഴിഞ്ഞ പാടങ്ങളായിരുന്നു ചന്തയുടെ പ്രഥമ വേദികള്‍. അവിടെ തിങ്ങിപ്പാര്‍ത്തിരുന്ന ഒരു കൂട്ടം കുശവന്മാരാണ് ചന്തയുടെ ആദ്യകാല പ്രചാരകര്‍. അവരെ കൃഷിയിലേയ്ക്ക് തിരിച്ചു വിടാനും പുതിയൊരു സംസ്കൃതിക്ക് നാന്ദി കുറിക്കാനും കാളച്ചന്ത പ്രചോദനമായി.
കൃഷിയൊഴിഞ്ഞിട്ടും കയ്യൊഴിയാതെ
ഉരുക്കളെ വാങ്ങാനും വില്‍ക്കാനും കാര്‍ഷികോല്പന്നങ്ങളുടെ ക്രയവിക്രയത്തിനുമായി പാണ്ടി നാടുകളില്‍ നിന്നുള്‍പ്പെടെ കര്‍ഷകരും തൊഴിലാളികളും ഒഴുകിയെത്തിയതോടെ കാളച്ചന്ത ഒരു കാര്‍ഷിക മാമാങ്കത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. മകരം രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന കാര്‍ഷികമേള ഒരാഴ്ചക്കാലം മലയോര ജനതയെ ആഹ്ളാദത്തിന്റെ കൊടുമുടിയേറ്റും. കൃഷിനഷ്ടക്കച്ചവടമാകുന്ന ഘട്ടത്തിലും മേളയെ കയ്യൊഴിയാന്‍ തയ്യാറല്ലെന്നതിന്റെ തെളിവാണ് വര്‍ദ്ധിച്ചു വരുന്ന ജനപങ്കാളിത്തം. ഏഴുകൊല്ലം മുമ്പ് ടൂറിസം വാരാഘോഷമായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ പ്രാധാന്യമേറി. മൂന്നു വര്‍ഷമായി ഒമ്പതു ദിവസമാണ് മേള. പുതിയ കാഴ്ചകളും അനുഭവങ്ങളും പങ്കുവയ്ക്കാന്‍ ജനങ്ങളുടെ ഒഴുക്കാരംഭിച്ചു.