പെരിങ്ങമ്മല: ഇക്കോ ടൂറിസം മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മങ്കയത്ത് നഗരനാലിന്യം തള്ളാനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണ് മങ്കയം. അതുകൊണ്ടുതന്നെ ഇവിടെ മാലിന്യം നിക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ വനം, റവന്യൂ വകുപ്പുകള്‍ അവസാനിപ്പിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ജനവാസമേറെയുള്ള ഇടിഞ്ഞാറിനു സമീപമാണ് മങ്കയം. അതുകൊണ്ടു തന്നെ ഇവിടെ മാലിന്യനിക്ഷേപം നടത്തിയാല്‍ അത് ജനജീവിതം താറുമാറാക്കുമെന്നും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയെ കൂടാതെ വനംവകുപ്പുമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍, മന്ത്രി എം.കെ. മുനീര്‍ എന്നിവര്‍ക്കും ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി പരാതി നല്‍കി. പി. വത്സല, കൊച്ചുവിള അന്‍സാരി, ജി. സുഭാഷ്, സരസ്വതി, നിസാര്‍ മുഹമ്മദ്‌സുല്‍ഫി എന്നിവരും ഇതേ ആവശ്യവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്ക് പരാതി നല്‍കി.