പാലോട്: പെരിങ്ങമ്മല മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മടത്തറ ഒഴുകുപാറ കമലാ ഭവനില്‍ എം.കെ. ശശിലാലിന്റെ (56) നിര്യാണത്തില്‍ പാലോട്ട് ഹര്‍ത്താല്‍ ആചരിച്ചു. പെരിങ്ങമ്മല പഞ്ചായത്തില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ രാഷ്ട്രീയ- സാമൂഹിക- വ്യാപാര മേഖലകളിലെ അനവധി പേര് ആദരാഞ്ജലിയര്‍പ്പിച്ചു. മടത്തറ ഒഴുകുപാറയിലെ വസതിയിലും ജനപ്രവാഹമായി.
1988-95 കാലയളവില്‍ പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശശിലാല്‍ തിരഞ്ഞെടുപ്പു വൈകിയതു മൂലം ഏഴര വര്‍ഷക്കാലം അതേ സ്ഥാനത്തു തുടര്‍ന്നു. സിപിഎം ചടയമംഗലം മുന്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്ന ശശിലാല്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നുവെങ്കിലും പിന്നീട് പാര്‍ട്ടിയുമായി അകന്ന് വ്യാപാര മേഖലയില്‍ മുഴുകുകയായിരുന്നു.
പാലോട് ടേസ്റ്റ് ലാന്‍ഡ് ബേക്കറിയുടെ ഉടമ കൂടിയായ ശശിലാല്‍ ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിച്ചു പരാജയപ്പെട്ടിരുന്നു. സംസ്കാരം ഇന്നു രാവിലെ മടത്തറ ഒഴുകുപാറയിലെ കുടുംബവീട്ടില്‍ നടക്കും.