പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ഇടിഞ്ഞാര്‍ കുരിശടിയില്‍ മാലിന്യം തള്ളാനുള്ള ഉദ്യോഗസ്ഥതല അണിയറനീക്കത്തില്‍ പ്രതിഷേധിച്ച് ഇടിഞ്ഞാര്‍, മങ്കയം പ്രദേശവാസികള്‍ ഹര്‍ത്താലാചരിച്ചു. പ്രതിഷേധ മാര്‍ച്ചിലും പെരിങ്ങമ്മല പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നടന്ന ധര്‍ണയിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ഇടിഞ്ഞാര്‍ ഗവണ്മെന്റ് ട്രൈബല്‍ ഹൈസ്കൂളിലെ കുട്ടികള്‍ പഠിപ്പുമുടക്കിയാണു സമരത്തില്‍ പങ്കെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല, വി.കെ. മധു, ഡി. രഘുനാഥന്‍നായര്‍, നിസാര്‍ മുഹമ്മദ് സുല്‍ഫി, എം.ആര്. ചന്ദ്രന്, കെ.സി. സോമരാജന്, കെ.ജെ. കുഞ്ഞുമോന്, സരസ്വതി അപ്പുക്കുട്ടന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇടിഞ്ഞാര്‍ കുരിശടിയില്‍ ബുധനാഴ്ച രാത്രി മാലിന്യം തള്ളാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത ചൊവ്വാഴ്ച രാത്രി പടര്‍ന്നതോടെയാണു നാട്ടുകാര്‍ സമരരംഗത്തിറങ്ങിയത്.
'കുരിശടിയില്‍ മാലിന്യം തള്ളാന്‍ തീരുമാനിച്ചിട്ടില്ല
പാലോട്: പെരിങ്ങമ്മലയിലെ ഇടിഞ്ഞാര്‍ കുരിശടിയില്‍ മാലിന്യം തള്ളാന്‍ തീരുമാനിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, ജനങ്ങളെ ബാധിക്കുന്ന തരത്തില്‍ മാലിന്യം തള്ളില്ലെന്നും ബദല്‍ നടപടികളാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കുരിശടിയില്‍ മാലിന്യം തള്ളാന്‍ തീരുമാനിച്ചതായി അറിയില്ലെന്നും ഇതു സംബന്ധിച്ച് അറിയിപ്പും ലഭിച്ചിട്ടില്ലെന്നും തിരുവനന്തപുരം ആര്‍ഡിഒ ജയപ്രകാശ് പറഞ്ഞു. മാലിന്യം തള്ളാന്‍ നീക്കമില്ലെന്നു വനംവകുപ്പും
അറിയിച്ചു.
അതേസമയം മാലിന്യം തള്ളാന്‍ അനുയോജ്യ സ്ഥലങ്ങള്‍ കണ്ടെത്താന്‍ കെഎഫ്ഡിസിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു കഴിഞ്ഞ ദിവസം ഡപ്യൂട്ടി കലക്ടറും ഡിഎഫ്ഒയും കുരിശടി സന്ദര്‍ശിച്ചത്. നീരുറവകളുടെ ഉദ്ഭവകേന്ദ്രമായ ഇവിടെ മാലിന്യം തള്ളുന്നതു ജൈവവൈവിധ്യത്തിനു കടുത്ത ഭീഷണിയാവുമെന്നു സംഘത്തിനു ബോധ്യമായതായി അറിയുന്നു.
വ്യാജപ്രചാരണമെന്ന്
പാലോട്: ഇടിഞ്ഞാര്‍ കുരിശടിയില്‍ മാലിന്യം തള്ളുന്നതായ പ്രചാരണത്തിനു പിന്നില്‍ ചില രാഷ്ട്രീയ കക്ഷികളാണെന്നും ഇവിടെത്തെ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ചു മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയ ഉടന്‍ തന്നെ പ്രദേശത്തെ ഒഴിവാക്കിയതായും യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി എം. ഷിറാസ് ഖാന് പറഞ്ഞു.