കല്ലറ: മരുതമണ്‍ ഏലായിലൂടെ 11 കെ.വി. ലൈന്‍ കൊണ്ടുപോകുന്നതിനുവേണ്ടി സ്ഥാപിച്ചിരുന്ന തടിതൂണുകള്‍ ഒടിഞ്ഞ് അപകട ഭീതി ഉയര്‍ത്തുന്നു. കിളിമാനൂര്‍ സബ് സ്റ്റേഷനില്‍ നിന്നും കല്ലറയിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുവേണ്ടി വലിച്ചിട്ടുള്ള കമ്പികള്‍ ഘടിപ്പിച്ചിരിക്കുന്ന തൂണുകളാണ് ദ്രവിച്ച് ഒടിഞ്ഞിട്ടുള്ളത്. നാട്ടുകാര്‍ പരാതി അറിയിച്ചപ്പോള്‍ കെ.എസ്.ഇ.ബി. അധികൃതര്‍ കമ്പികള്‍ വച്ചുകെട്ടി ബലപ്പെടുത്തിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.
ഒടിഞ്ഞുനില്ക്കുന്ന തൂണുകളില്‍ നിന്നാണ് ശരവണ കവലയിലെ ട്രാന്‍സ്ഫോര്‍മറിലേക്ക് വൈദ്യുതി എത്തുന്നത്. ഈ തൂണുകള്‍ക്ക് തൊട്ടടുത്ത തൂണില്‍ നിന്നും തണ്ണിയത്തേക്ക് കെ.വി. ലൈന്‍ തിരിഞ്ഞുപേകുന്നുണ്ട്. കല്ലറ -പാങ്ങോട് റോഡിനോട് ചേര്‍ന്ന് ശരവണ ഓഡിറ്റോറിയത്തിന് കിഴക്കു വശത്തുള്ള ഏലായിലാണ് തൂണുകള്‍ അപകടഭീതി ഉയര്‍ത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൂണുകള്‍ ദ്രവിച്ച് ഒടിയാറായതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം കെ.എസ്.ഇ.ബി. യെ അറിയിച്ചിരുന്നു. സ്ഥലം പരിശോധിച്ച അധികൃതര്‍ തൂണിന്റെ വശങ്ങളില് കമ്പിവച്ചുകെട്ടി നിര്‍ത്തുകയായിരുന്നു.
ഇപ്പോള്‍ തൂണുകള്‍ ഒടിഞ്ഞുമാറിയ നിലയിലാണ്. ഇവ നിലംപതിച്ചാല്‍ വന്‍ അപകടം ഉണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. വിവരം അറിയിച്ചിട്ടും അധികൃതര്‍ നടപടി എടുക്കാത്തതില്‍ ജനത്തിന് വന്‍ പ്രതിഷേധമുണ്ട്. അടിയന്തരമായി ഇവിടെ പുതിയ തൂണുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


