പാലോട്: ദേശീയ സസ്യോദ്യാനമായ പാലോട്ടെ ജെ.എന്‍. ടി.ബി.ജി.ആര്‍.ഐയില്‍ ജൈവവള പദ്ധതി പരിപോഷിപ്പിക്കുന്നതിന് മാതൃകാ പശുവളര്‍ത്തല്‍ കേന്ദ്രം കൂടി തുറക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. നബാര്‍ഡിന്റെ ധനസഹായത്തോടെ പുതുതായി തുടങ്ങിയ മാലിന്യ സംസ്‌കരണത്തിലൂടെ ജൈവവള നിര്‍മ്മാണം-പദ്ധതിക്ക് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവവളം സമ്പൂര്‍ണമാകണമെങ്കില്‍ ചാണകം ആവശ്യമാണ്. ഇതിനായി കൃഷിവകുപ്പ് ഉദ്യാനത്തില്‍ പത്ത് പശുക്കളെ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നബാര്‍ഡിന്റെ ധനസഹായമായ പത്തുലക്ഷം ചെലവിട്ടാണ് പുതിയ പ്ലാന്റ് നടപ്പാകുന്നത്. മാലിന്യ സംസ്‌കരണത്തിന് പുത്തന്‍ പദ്ധതി തുറക്കുക വഴി സ്ഥാപനം മറ്റൊരു നേട്ടംകൂടി കൈവരിക്കുകയാണ്. ആധുനിക രീതിയില്‍ കാലിത്തൊഴുത്ത് പണികഴിപ്പിക്കുന്ന മുറയ്ക്ക് പശുക്കളെ നല്‍കും.
കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല, ജില്ലാ പഞ്ചായത്ത് അംഗം സോഫീതോമസ്, ബ്ലോക്ക് അംഗം ബി. പവിത്രകുമാര്‍, ഡയറക്ടര്‍ ഡോ. പി.ജി. ലത, ഡോ. എല്‍. ശശിധരന്‍, ഡോ. എല്‍. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.


