വിതുര: ശിവന്‍കോവില്‍ ജങ്ഷന് ചാന്ദ്നി ഭവനില്‍ വിനീഷ് ചന്ദിന്റെ ഭാര്യ രാഖി (25) ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച കേസിലെ ഒന്നാംപ്രതി ചാന്ദ്നി (51) യെ അറസ്റ്റ് ചെയ്തു. വിനീഷ് ചന്ദിന്റെ അമ്മയാണ് ചാന്ദ്നി. നെടുമങ്ങാട് ഡിവൈ.എസ്.പി. കെ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തിങ്കളാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാംപ്രതി വിനീഷ് ചന്ദിനെ കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ഫിബ്രവരി 16ന് രാത്രിയാണ് രാഖിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് വൈകീട്ട് ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ചാന്ദ്നി മരുമകളെ ഏറെ ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നതായി പോലീസ് അറിയിച്ചു. ഇക്കാര്യം പ്രതികള്‍ മൊഴി നല്‍കിയിട്ടുമുണ്ട്. ഈ സംഭവത്തെപ്പറ്റി രാഖി തന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചത് കൂടി തെളിവായി സ്വീകരിച്ചാണ് ചാന്ദ്നിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. കൈയക്ഷരം ഉറപ്പിക്കാനായി കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിവാഹത്തിന്റെ പിറ്റേന്ന് അച്ഛന് മരിച്ച സംഭവത്തില്‍ രാഖി ഏറെനാളായി മാനസികസമ്മര്‍ദം അനുഭവിച്ചിരുന്നതായും പോലീസ് പറയുന്നു. ചാന്ദ്നിയെ കോടതി റിമാന്‍ഡ് ചെയ്തു.

