പാലോട്: പാലോട് റേഞ്ച് ഓഫീസില്‍ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ വിലമതിക്കുന്ന ആനക്കൊമ്പ് തിങ്കളാഴ്ച രാത്രി മോഷണംപോയി. ചിറയിന്‍കീഴില്‍നിന്നും തൊണ്ടിമുതലായി പിടിച്ചെടുത്ത ആനക്കൊമ്പാണ് ഓഫീസില്‍നിന്നും കടത്തിക്കൊണ്ടുപോയത്. തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന സ്റ്റോര്‍ റൂമിന്റെ ജനല്‍ കമ്പി വളച്ചാണ് ആനക്കൊമ്പ് കടത്തിയതെന്ന് പാലോട് റേഞ്ച് ഓഫീസര്‍ അനില്‍കുമാര്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഓഫീസിലെ ജീവനക്കാര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും പാലോട് പോലീസ് പറയുന്നു. പാലോട് സി.ഐ. പ്രദീപ്കുമാറിനാണ് അന്വേഷണച്ചുമതല.
2010-ലാണ് നാട്ടാനയുടെ കൊമ്പ് പാലോട് റേഞ്ച് ഓഫീസിലെത്തിയത്. 1.5 മീറ്റര്‍ നീളവും 38 സെ.മീ. ചുറ്റളവുമുള്ള ആനക്കൊമ്പാണ് മോഷ്ടിക്കപ്പെട്ടത്. നാല് കൊമ്പുകളുണ്ടായിരുന്നതില് ഒരെണ്ണം മാത്രം മോഷണം പോയതിനാല്‍ ഇത് കള്ളന്മാരുടെ കടന്നുകയറ്റമാണെന്ന് സംശയിക്കാന്‍ വകയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനേക്കാള്‍ വിലയുള്ള മൂന്ന് കൊമ്പുകള്‍ സ്റ്റോര്‍ റൂമില്‍തന്നെയുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി ഓഫീസില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. നാലു കൊമ്പുകള്‍ ഉണ്ടായിരുന്നതില്‍ ഒരെണ്ണം മാത്രം മാറ്റിവെച്ചതായി ജീവനക്കാര്‍ പറയുന്നു. മാറ്റിവെച്ച കൊമ്പാണ് മോഷണം പോയത്. ജനല്‍കമ്പി വളച്ചാണ് കള്ളന്മാര് അകത്തുകയറിയതെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം അംഗീകരിക്കാനാവില്ലെന്ന് പോലീസ് പറയുന്നു. ജനലിലൂടെ ഒരാള്‍ക്കും അകത്തുകടക്കാനാവുന്നതരത്തില് ജനല്‍ മുറിച്ചുമാറ്റിയിട്ടില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ പ്രതികളെ കണ്ടെത്താനാവൂ എന്ന് പാലോട് സി.ഐ. പ്രദീപ്കുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു.


