പാലോട്. ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കെ. സുന്ദരനെ രണ്ടുപേര്‍ ചേര്‍ന്നു മര്‍ദിച്ചതായി പരാതി. സുന്ദരന്‍ പാലോട് ആശുപത്രിയില്‍ ചികില്‍സയിലാണ്. രാത്രി ഏഴുമണിയോടെ നന്ദിയോട് വെമ്പില്മണലയം ശിവക്ഷേത്രത്തിനു സമീപമാണു സംഭവം. തിരുവനന്തപുരത്തുനിന്നു പാലോട്ടേക്കു വരുകയായിരുന്ന ബസ് വെമ്പില്‍ വച്ചു ബ്രേക്ക്ഡൌണ്‍ ആയതിനെ തുടര്‍ന്നു നടുറോഡില്‍ നിന്നു വണ്ടി എടുത്തുമാറ്റണമെന്നാവശ്യപ്പെട്ടാണത്രെ സ്ഥലവാസികളായ മധുവും അജയകുമാറും ചേര്‍ന്നു മര്‍ദിച്ചതെന്നു സുന്ദരന്‍ പറഞ്ഞു.
എന്നാല്‍ ബ്രേക്ക്ഡൌണായ വണ്ടി പിന്നിലേക്ക് ഇറക്കി ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കവെ കാറില്‍ വന്ന രണ്ടുപേരോടു മാറിപ്പോകാന്‍ മധുവും അജയകുമാറും പറഞ്ഞതിനെ തുടര്‍ന്ന് ഇവരും കാറില്‍ വന്നവരും തമ്മിലാണ് അടി നടന്നതെന്നും ഡ്രൈവറെ മര്‍ദിച്ചിട്ടില്ലെന്നുമാണ് ഒരു വിഭാഗം നാട്ടുകാര്‍ പറഞ്ഞത്. ഇതില്‍ മധു നെടുമങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. എന്നാല്‍ ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു ഡിപ്പോ അധികൃതര്‍ ആലുംകുഴി സ്റ്റേ ബസ് നിര്ത്താലാക്കിയതു പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.

