പാലോട്. അഖില കേരള ബാലജനസഖ്യത്തിന്റെ 'ഭൂമിക്കായി ഒരു വര്‍ഷം പദ്ധതിയുടെ ഭാഗമായി പാലോട് യൂണിയന്‍ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ നടപ്പിലാക്കിയ 'ഞാനും മരവും മല്‍സരത്തില്‍ കൊല്ലായില്‍ എസ്എന്‍ യുപിഎസ് ഒന്നാം സ്ഥാനത്തിന് അര്‍ഹമായി. പെരിങ്ങമ്മല ഗവ. യുപിഎസിനാണു രണ്ടാം സ്ഥാനം. പാലുവള്ളി സെന്റ് ജോസഫ് യുപിഎസ്, നന്ദിയോട് ഹരിശ്രീ ഇംഗിഷ് മീഡിയം സ്കൂള്‍, മടത്തറ കാണി ഗവ. ഹൈസ്കൂള്‍ എന്നിവ പ്രോല്‍സാഹന സമ്മാനത്തിന് അര്‍ഹമായി.
പദ്ധതി നടപ്പിലാക്കിയ 12 സ്കൂളുകളില്‍ നിന്നാണ് അഞ്ചു സ്കൂളുകളെ തിരഞ്ഞെടുത്തത്. വനം വകുപ്പിന്റെ സഹായത്തോടെ സ്കൂള്‍ വളപ്പിന് അനുയോജ്യമായ അഞ്ചു മരത്തൈകള്‍ നല്‍കുകയും അതിനെ കാര്യക്ഷമമായി വളര്‍ത്തിയെടുക്കുകയും അനുബന്ധ പരിപാടികള്‍ നടത്തി പ്രകൃതി സംരക്ഷണ സന്ദേശം നല്‍കുക എന്നതുമായിരുന്നു പദ്ധതി. കഴിഞ്ഞ ജൂലൈ മാസത്തിലാണു പദ്ധതി ആരംഭിച്ചത്. ഒന്നാം സ്ഥാനത്തു വന്ന കൊല്ലായില്‍ എസ്എന്‍ യുപിഎസില്‍ അഞ്ചു മരത്തൈകളെയും കാര്യക്ഷമമായി വളര്‍ത്തിയെടുത്തു.
മരത്തൈകള്‍ക്കു ചുറ്റും കല്ലുകള്‍കൊണ്ടു തടം നിര്‍മിച്ചു ശക്തമായ സംരക്ഷണം തീര്‍ക്കുന്നതിനും പ്രതിമാസ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനും ശ്രദ്ധിച്ചു. പരിസ്ഥിതി സംരക്ഷണ പരിപാടികളും അനുബന്ധമായി നടത്തി. ഇത്തരം അധിക പ്രവര്‍ത്തനങ്ങളാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹമാക്കിയത്. പെരിങ്ങമ്മല ഗവ. യുപിഎസിലും അഞ്ചു
മരത്തൈകളും വളര്‍ത്തിയെടുത്തു മല്‍സരത്തോട് അതീവ താല്‍പര്യമാണു കാട്ടിയത്.
മല്‍സരത്തെ ഗൌരവമായിക്കണ്ടു മരത്തൈകളെ വളര്‍ത്തിയെടുക്കാന്‍ താല്‍പര്യം കാട്ടിയ മടത്തറ എച്ച്എസ്, പാലുവള്ളി യുപിഎസ്, നന്ദിയോട് ഹരിശ്രീ സ്കൂള്‍ എന്നിവയ്ക്കു പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. ബാലജനസഖ്യത്തിന്റെ അവധിക്കാല ക്യാംപില്‍ സ്കൂളുകള്‍ക്കു ട്രോഫികള്‍ വിതരണം ചെയ്യും.

