കല്ലറ : ചെല്ലഞ്ചി പാലത്തിന്റെ പണി ഇഴയുന്നതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം. പാലത്തിന്റെ പണികള്‍ തുടങ്ങിയിട്ട് ഒന്നരവര്‍ഷമായി. 3 വര്‍ഷത്തിനകം പാലത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു ഇതിന്റെ നിര്‍മ്മാണോദ്ഘാടനത്തിന് എത്തിയ മുന്‍ മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍, കാലാവധിയുടെ പകുതിസമയം കടന്നുപോയിട്ടും പാലത്തിന്റെ നാലിലൊന്ന് ശതമാനം പണിപോലും തീര്‍ക്കാനായിട്ടില്ല. അഞ്ച് പില്ലറുകളില്‍ മൂന്ന് എണ്ണം തറവട്ടംവരെ മാത്രം കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തിയിട്ടുണ്ട്. പാലത്തിലേക്കുള്ള അപ്രോച്ച് റോഡും പാതിവഴിയില്‍ത്തന്നെ. പണിതുടങ്ങി ഒന്നരവര്‍ഷം കഴിഞ്ഞപ്പോഴുള്ള അവസ്ഥയാണിത്. ഈ അവസ്ഥയില്‍ 10 വര്‍ഷം കഴിഞ്ഞാലും പാലം പൂര്‍ത്തിയാക്കാന്‍ കഴിയില്ല.
11.5 കോടി രൂപ ചെലവിട്ടാണ് വാമനപുരം ആറ്റില്‍ ചെല്ലഞ്ചിയില്‍ പാലം പണിയുന്നത്. കല്ലറ, നന്ദിയോട്, നെല്ലനാട്, പഞ്ചായത്തുകളുടെ അതിര്‍ത്തിയാണിവിടം. തുടക്കത്തില്‍ 200-300 തൊഴിലാളികളെക്കൊണ്ട് പാലത്തിന്റെ പണികള്‍ ചെയ്യിച്ചിരുന്നു. പിന്നീടത് വിരലിലെണ്ണാവുന്നതായി. ഇതോടെ പണികളും മന്ദഗതിയിലായി. വേനല്‍ക്കാലമായതിനാല്‍ ആറ്റില്‍ വെള്ളം കുറവുള്ള സമയമാണ്. ഇത് കണക്കാക്കി കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി പണി വേഗത്തിലാക്കുകയാണ് വേണ്ടത്.
കടത്തുവള്ളങ്ങളെ ആശ്രയിച്ച് കഴിഞ്ഞവരാണ് ഇവിടത്തുകാര്‍. ഏറെക്കാലത്തെ കാത്തിരുപ്പിനുശേഷമാണ് ഇവര്‍ക്ക് ഒരു പാലം അനുവദിച്ച് കിട്ടിയത്. പാലംപണി മന്ദഗതിയിലായതോടെ നാട്ടുകാര്‍ നിരാശരായി. കക്ഷി രാഷ്ട്രീയമോ ഭരണവ്യത്യാസങ്ങളോ നോക്കാതെ പാലം എത്രയും വേഗം നിര്‍മ്മിച്ച് നല്‍കണമെന്ന് മാത്രമാണ് ഇവര്‍ക്ക് ബന്ധപ്പെട്ടവരോട് പറയാനുള്ളത്.


