പാലോട്: വിഷുവിന്റെ വരവറിയിച്ചു കണിക്കൊന്നകള്‍ പൂത്തുലയുന്നു. ഗ്രാമീണ മേഖലയില്‍ എവിടെ തിരിഞ്ഞാലും കണിക്കൊന്നകള്‍ പൂത്തുലഞ്ഞുനില്ക്കുന്നതു ദൃശ്യമാണ്. സാധാരണ ഏപ്രില്‍ മാസത്തിലാണു കണിക്കൊന്നകള്‍ പൂക്കുന്നതെങ്കിലും ഇപ്പോള്‍ ഫെബ്രുവരിയില്‍ പൂത്തുതുടങ്ങും. പൊന്മുടി, ബോണക്കാട്, പേപ്പാറ വനമേഖലയില്‍ നൂറുകണക്കിനു കണിക്കൊന്നകള്‍ പൂവണിഞ്ഞുനില്ക്കുന്നുണ്ട്. മിക്ക ആദിവാസികളുടെ വീടിനു മുന്നിലും കണിക്കൊന്ന മരമുണ്ട്.
കൃഷിഭവനും സര്‍ക്കാരും കേരളത്തിന്റെ ദേശീയ പുഷ്പമായ കണിക്കൊന്നകള്‍ സൌജന്യമായി വിതരണം ചെയ്തതോടെ നാട്ടിന്‍പുറങ്ങളിലെ മിക്ക വീടുകള്‍ക്കു മുന്നിലും കണിക്കൊന്നകള്‍ നിറയെ പൂത്തുലഞ്ഞുനില്ക്കുന്നതു നയനാനന്ദകരമായ കാഴ്ചയായി മാറി. പാതയോരങ്ങളിലും ക്ഷേത്രപരിസരത്തും നില്ക്കുന്ന കണിക്കൊന്നമരങ്ങളിലും പൂക്കള്‍ കാണാം. വീടുകളുടെ ടെറസില്‍ വരെ കണിക്കൊന്നകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
കടുത്ത ചൂടത്തു പോലും വാടാതെ നില്ക്കുന്ന കണിക്കൊന്ന മരങ്ങള്‍ ഐശ്വര്യത്തിന്റെ പ്രതീകം കൂടിയാണ്. വിഷുദിനത്തിന്റെ തലേദിവസം കണിക്കൊന്നപ്പൂവിനു വന്‍ ഡിമാന്‍ഡാണ്. വനത്തില്‍ നിന്നും മറ്റും ശേഖരിക്കുന്ന കണിക്കൊന്നപ്പൂവ് പ്രധാന ജംക്ഷനുകളില്‍ എത്തിച്ചു മികച്ച വിലയ്ക്കാണു വിറ്റഴിക്കുന്നത്. കരകുളം ശിവക്ഷേത്രത്തിനു മുന്നില്‍ നില്ക്കുന്ന കണിക്കൊന്ന മരം അടിമുടി പൂത്തുലഞ്ഞു സ്വര്‍ണവര്‍ണത്തില്‍ നില്ക്കുന്നതു യാത്രികര്‍ക്കും ക്ഷേത്രദര്ശനത്തിനെത്തുന്നവര്ക്കും നയനാനന്ദകരമായ കാഴ്ചയായി മാറി.

