പാലോട്: പച്ച നെടുമ്പറമ്പ് ധര്‍മശാസ്താ ക്ഷേത്രത്തിലെ ദേശീയ മഹോത്സവം 27ന് കൊടിയേറി ഏപ്രില്‍ 5ന് പൈങ്കുനി ഉത്രം നാളില്‍ ആറാട്ടോടെ സമാപിക്കും. ഇക്കൊല്ലത്തെ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി വിപുലമായ രീതിയില്‍ കാര്‍ഷിക, വ്യാവസായിക, വ്യാപാരമേള കൂടി സംഘടിപ്പിക്കുമെന്ന് ക്ഷേത്രക്കമ്മിറ്റി പത്രസമ്മേളനത്തില്‍ അറിയിച്ചു.
27ന് രാവിലെ 8.30ന് ക്ഷേത്രതന്ത്രി കണ്ഠരരു മഹേശ്വരരുവിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്. എല്ലാ ദിവസവും വിശേഷാല്‍ പൂജകളും അന്നദാനസദ്യയും. രാത്രി 8ന് ഗാനമേള. 28ന് രാത്രി 8.30ന് നൃത്തനാടകം. 29ന് നാടകം - നിഴല്‍ക്കുത്ത്. 30ന് നൃത്തസംഗീതനാടകം. 31ന് നാടകം - മതിലേരിക്കന്നി. ഏപ്രില്‍ 1ന് നാടകം - സ്നേഹിച്ചുതീരാത്തവര്‍. 2ന് 6.30ന് സംഗീതസദസ്സ്. 3ന് രാവിലെ 9ന് ആയില്യപൂജ, 6.45ന് കര്‍പ്പൂര ദീപക്കാഴ്ച, 7ന് നൃത്തനാടകം. 4ന് രാവിലെ 7ന് കളഭാഭിഷേകം, 7.30ന് ഓട്ടന്തുള്ളല്. 5ന് ഉച്ചയ്ക്ക് ആനപ്പുറത്തെഴുന്നള്ളിപ്പ്, സാംസ്കാരിക ഘോഷയാത്ര, രാത്രി 12ന് മത്സര പൂത്തിരിമേളം.
വ്യാപാര മേളയില്‍ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിരവധി സ്റ്റാളുകള്‍, കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രദര്‍ശനങ്ങള്‍, സാംസ്കാരിക സദസ്സുകള്‍, കാര്‍ണിവല്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് മണ്ണൂര്‍ മുരളി, സെക്രട്ടറി പി. മോഹനന്, ജനറല്‍ കണ്‍വീനര്‍ സുരേഷ്, ബി. സുശീലന്, വിനിലാല്‍, ബി. രാജീവന്, പുലിയൂര് പ്രകാശ്, സനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


