പാലോട്: മോഷ്ടിച്ച ഗ്രാമ്പുകടത്തുന്നതിനിടെ യുവാവ് പിടിയിലായി. പെരിങ്ങമ്മല അരയക്കുന്ന് മണ്‍പുറത്തു വീട്ടില്‍ അനില്‍ എന്ന സുരേഷിനെയാണ് (22) പാലോട് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വെളുപ്പിന് 5 മണിയോടെ പാലോട് ജങ്ഷനില്‍ വെച്ചാണ് സുരേഷിനെ പാലോട് സി.ഐ. പ്രദീപ്കുമാര്‍, എസ്. ഐ. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്നും ഒരുചാക്ക് ഗ്രാമ്പു പോലീസ് പിടിച്ചെടുത്തു.
നെടുമങ്ങാട് ഡിവൈ.എസ്. പി. ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിവൈ.എസ്. പി.യുടെ നിര്‍ദേശപ്രകാരമാണ് സുരേഷിനെ പാലോട് പോലീസ് കസ്റ്റഡിയിലെടുത്തത്. ബ്രൈമൂറിലെ മൂസയുടെ തോട്ടത്തില്‍ നിന്നും മോഷ്ടിച്ചതാണ് ഗ്രാമ്പുവെന്ന് പോലീസ് പറഞ്ഞു. നിരവധി മോഷണ കേസ്സിലെ പ്രതിയാണ് സുരേഷെന്നും ഇയാള്‍ക്കെതിരെ വിതുര, പാലോട് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുള്ളതായും പോലീസ് അറിയിച്ചു. സുരേഷിനൊടൊപ്പമുള്ള മറ്റ് മൂന്ന് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

