പാലോട്. ഫോറസ്റ്റ് ഓഫിസിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് മോഷണംപോയ സംഭവത്തില്‍ തിരക്കിട്ട അന്വേഷണമാണു നടക്കുന്നതെന്നു പറയുന്നുണ്ടെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും പൊലീസിനും വനപാലകര്‍ക്കും ഒരു തുമ്പും കണ്ടെത്താനായില്ലത്രെ. കഴിഞ്ഞ തിങ്കാളാഴ്ചയാണുകൊമ്പ് കാണാതായ വിവരം അറിഞ്ഞത്. ജനല്‍ക്കമ്പികള്‍ വളച്ചു മോഷ്ടിച്ചുവെന്നു വനപാലകരും, അതു വിശ്വസിക്കാനാവില്ലെന്നു പൊലീസും പറയുമ്പോള്‍ അന്വേഷണം ചടങ്ങിനു മാത്രമായി മാറുകയാണ്.
കൊമ്പ് കാണാതായ സംഭവം തന്നെ ദുരൂഹത പടര്ത്തിനില്ക്കുമ്പോള് ആമയിഴഞ്ചാന്‍ അന്വേഷണത്തിലും സംശയമുണ്ട്. കൊമ്പ് മോഷ്ടിച്ചുവെന്നതും സ്റ്റോര്‍ റൂമിന്റെ ജനാലയ്ക്കു സമീപമാണു കാണാതായ കൊമ്പ് ഇരുന്നത് എന്നതുമൊക്കെ കെട്ടുകഥയാണെന്നാണു പുറത്തു വരുന്ന വിവരങ്ങള്‍. കൊമ്പ് ജനാലയ്ക്കു സമീപം ഇരുന്നുവെന്നു പറയുന്നതു സത്യമാണെങ്കില്‍ തന്നെ പത്തോളം കൊമ്പ് സൂക്ഷിക്കാന്‍ കഴിയുന്ന ഇരുമ്പ് പെട്ടി ഉള്ളപ്പോള്‍ എങ്ങനെ കൊമ്പ് ജനാലയ്ക്കരികിലെത്തിയെന്നതു ചോദ്യചിഹ്നമാകുന്നു.
മോഷണമാണെങ്കില്‍ തന്നെ കൊമ്പ് ഇവിടെ ഇരിക്കുന്ന വിവരം ചോര്‍ത്തിക്കൊടുക്കാതെ മോഷ്ടാവിന് എടുക്കാനും കഴിയില്ല. എന്തായാലും കൃത്യമായ ആസൂത്രണത്തിലൂടെയാണു കൊമ്പ് പുറത്തുപോയതെന്നു വ്യക്തം. മുന്‍പ് ഈ ഓഫിസില്‍ കേസില്‍ പിടിച്ച വാഹനത്തിന്റെ പാര്‍ട്സുകള്‍ ഇളക്കി വില്‍ക്കുകയും അതു പിടിക്കപ്പെടുകയും ചെയ്തപ്പോള്‍ ഒതുക്കിത്തീര്‍ത്ത സംഭവമുണ്ടായിട്ടുണ്ട്.

