പാലോട്: വേനലവധിക്ക് ദിവസങ്ങള്‍മാത്രം അവശേഷിക്കേ, ക്രിസ്മസ് അവധിക്കാലത്ത് നട്ടുപിടിപ്പിച്ച കോളീഫ്‌ളവറും മുട്ടക്കോസും നൂറുമേനി വിളവെടുത്തു. വിളവെടുപ്പുത്സവത്തിനെത്തിയവര്‍ക്ക് കൈനിറയെ പച്ചക്കറികള്‍ നല്‍കിയ കുട്ടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ ഉച്ചഭക്ഷണവും സമൃദ്ധമാക്കി. പച്ച ഗവ. എല്‍.പി.എസിലെ കുഞ്ഞുകൈകളാണ് അധ്യയന വര്‍ഷത്തിന്റെ അവസാന നാളുകളിലും കൃഷിയുടെ സമൃദ്ധിയില്‍ ശ്രദ്ധേയമാകുന്നത്.
മുട്ടക്കോസ്സ്, കോളീഫ്‌ളവര്‍ എന്നിവ ആദ്യമായിട്ടാണ് ഇവര്‍ കൃഷിയിറക്കിയത്. വളര്‍ച്ചയുടെ ഓരോ ദിവസവും ചെടിയില്‍ ഇവരുടെ നിറഞ്ഞ ശ്രദ്ധയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അധ്യാപകരുടെ മാത്രമല്ല കൃഷി ഓഫീസര്‍മാരുടെയും അകമഴിഞ്ഞ സഹായം ഇവര്‍ക്കുണ്ടായിരുന്നു.
കൃഷിയിറക്കി മൂന്നു മാസം കൊണ്ടുതന്നെ പ്രതീക്ഷിച്ചതിലും കൂടുതല്‍ വിളവ് ലഭിച്ചെന്ന് കുട്ടികള്‍ പറയുന്നു. സ്‌കൂള്‍ വളപ്പില്‍ നടന്ന വിളവെടുപ്പുത്സവത്തില്‍ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍, കൃഷി ഓഫീസര്‍ ജയറാണി, പ്രഥമാധ്യാപകന്‍ വിജയകുമാര്‍, അധ്യാപകരായ ഹരി, മോഹനകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


