വിതുര: വൈദ്യുതീകരണത്തിന് വനംവകുപ്പിന്‍േറതുള്‍പ്പെടെ എല്ലാ തടസ്സങ്ങളും മാറിയിട്ടും വിതുര ഗ്രാമപ്പഞ്ചായത്തിലെ മൂന്ന് ആദിവാസി ഊരുകളില്‍ വൈദ്യുതിയെത്താന്‍ വൈകുന്നതായി പരാതി. ചാത്തന്‍കോട്-ചെമ്മണ്‍കാല, വലിയകാല, പൊടിയക്കാല എന്നീ ഊരുകളാണ് പരീക്ഷാക്കാലത്തും ഇരുട്ടില്‍ തുടരുന്നത്. വൈദ്യുതീകരണം ഇനിയും വൈകിയാല്‍ കെ.എസ്.ഇ.ബി ഓഫീസിനുമുന്നില്‍ കുത്തിയിരുപ്പ് സത്യാഗ്രഹം തുടങ്ങുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ എല്‍.വി.വിപിന്‍ അറിയിച്ചു.
2011 ഡിസംബറിലാണ് മൂന്ന് ഊരുകളിലും വൈദ്യുതീകരണത്തിനുള്ള അവസാന തടസ്സവും നീങ്ങിയത്. വൈദ്യുതിയെത്തിക്കാന്‍ ആവശ്യമുള്ള വനഭൂമി വിട്ടുകൊടുത്തുകൊണ്ട് തിരുവനന്തപുരം ഡി.എഫ്.ഒ. പി. പുകഴേന്തി ഉത്തരവിടുകയായിരുന്നു. ചാത്തന്‍കോട്-ചെമ്മണ്‍കാല, വലിയകാല സെറ്റില്‍മെന്റുകള്‍ക്കുള്ള ഉത്തരവ് ഡിസംബര്‍ 15നും പൊടിയക്കാലയുടേത് എട്ടിനും ഇറങ്ങി.
0.63 ഹെക്ടര്‍ വനഭൂമിയാണ് ചാത്തന്‍കോട്-ചെമ്മണ്‍കാലയ്ക്കുവേണ്ടി വിട്ടുകൊടുത്തത്. 0.98 ഹെക്ടര്‍ വലിയകാലയ്ക്കും 0.675 ഹെക്ടര്‍ ഭൂമി പൊടിയക്കാലയ്ക്കും വൈദ്യുതീകരണത്തിനായി നല്‍കി. ഫണ്ട് ഉള്‍പ്പെടെയുള്ള മറ്റു നടപടിക്രമങ്ങള്‍ ഇതിനും ഏറെ നാള്‍ മുന്‍പേ പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഡി.എഫ്.ഒയുടെ ഉത്തരവ് വന്ന് മൂന്നുമാസമാകാറായിട്ടും വൈദ്യുതിവെട്ടം കാണാനുള്ള ഭാഗ്യം ഊര് നിവാസികള്‍ക്കുണ്ടായില്ല.
ആദിവാസി സെറ്റില്‍മെന്റുകളുടെ വൈദ്യുതീകരണത്തിന് എം.എല്‍.എ. കൂടിയായ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കെ.എസ്.ഇ.ബി. വില കല്‍പ്പിക്കുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. വൈദ്യുതിബോര്‍ഡ് ആവശ്യപ്പെട്ട തുക നല്‍കിക്കഴിഞ്ഞിട്ടും ലൈന്‍ വലിക്കല്‍ അനിശ്ചിതമായി നീളുകയാണ്. സ്വാഭാവിക കാലതാമസം മാത്രമേ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളൂവെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്. കാത്തിരുന്ന വൈദുതി എത്താത്തതിലുള്ള ആദിവാസികളുടെ പ്രതിഷേധത്തിനിടെ വിതുര സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാന്‍ ഈ മാസം മന്ത്രി ആര്യാടന്‍ മുഹമ്മദ് എത്തും.


