വിതുര. തൊളിക്കോട്, വിതുര പഞ്ചായത്തുകളില്‍ തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ വച്ചു പേയിളകി പരിഭ്രാന്തി പരത്തി ഒാടിയ മൂന്നു പേപ്പട്ടികളെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവവുമുണ്ടായി. കഴിഞ്ഞയാഴ്ച അതിരാവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോകാന്‍ വിതുര മാര്‍ക്കറ്റ് ജംക്ഷനില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിയടക്കം മൂന്നുപേരെ പേപ്പട്ടി കടിച്ചു. ഗണപതിപാറയില്‍ ഒരു ബാലികയെയും തെരുവുപട്ടി ആക്രമിച്ചു.
രാവിലെ പത്രക്കെട്ട് എടുക്കാന്‍ എത്തുന്ന ഏജന്റുമാരെ വരെയും ആക്രമിച്ചു. അനവധി തവണ നായ്ക്കളെ വാഹനത്തില്‍ കൊണ്ടിറക്കിവിട്ടിരുന്നു. സന്ധ്യമയങ്ങിയാല്‍ പ്രധാന ജംക്ഷനുകള്‍ നായ്ക്കളുടെ പിടിയിലാണ്. വിതുര ഗവ. കമ്യൂണിറ്റി ഹെല്ത്ത്സെന്റര് പരിസരം നായ്ക്കളുടെ പറുദീസയാണ്. പത്തോളം പട്ടികളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. മരുന്ന് വാങ്ങുവാനെത്തിയ അനവധി രോഗികളെ നായ്ക്കള്‍ ആക്രമിച്ചിട്ടുണ്ട്. വിതുര കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്തെ സ്ഥിതിയും വിഭിന്നമല്ല.
വിതുര ഗവ. ഹൈസ്കൂളിലും ഗവ. യുപിഎസിലും രാത്രികാലങ്ങളില്‍ തെരുവുനായ്ക്കള്‍ നിറയും. സ്കൂള്‍ പരിസരവും മറ്റും വൃത്തിഹീനമാക്കുകയും ചെയ്യും. സ്കൂളിലേക്കു പുറപ്പെട്ട വിദ്യാര്‍ഥികളെ നായ്ക്കള്‍ കടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അനവധി വീടുകളില്‍ നിന്നു കോഴികളെ കൊന്നൊടുക്കുകയും ചെയ്തു. ആടുകളെയും കടിച്ചുകൊന്നിട്ടുണ്ട്. അലഞ്ഞുതിരിഞ്ഞുനടക്കുന്ന തെരുവുനായ്ക്കളെ പിടികൂടാന്‍ പഞ്ചായത്തുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.


