വിതുര. സൂര്യാഘാതമേറ്റു മൂന്നു പശുക്കള്‍ കുഴഞ്ഞുവീണു. കല്ലാര്‍ വനത്തില്‍ മേയാന്‍ വിട്ട പശുക്കളാണു കത്തുന്ന ചൂടേറ്റു തളര്‍ന്നുവീണത്. സാധാരണ മേയാന്‍വിട്ടാല്‍ വൈകിട്ടോടെ മടങ്ങിയെത്തുകയാണു പതിവ്. കഴിഞ്ഞ ദിവസം വൈകിട്ടായിട്ടും പശുക്കള്‍ എത്താതെ വന്നതോടെ ഉടമ വനത്തില്‍ പരിശോധന നടത്തിയപ്പോഴാണു പശുക്കള്‍ വീണുകിടക്കുന്നതു കണ്ടത്. നേരത്തേ ഒരു ആദിവാസി വനത്തില്‍ ജോലി ചെയ്തുകൊണ്ടു നിന്നപ്പോള്‍ സൂര്യാഘാതത്തെതുടര്‍ന്നു കുഴഞ്ഞുവീഴുകയും പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
വിതുര, തൊളിക്കോട് മേഖലയില്‍ ആദ്യമായാണ് ഇത്രയധികം ചൂട് അനുഭവപ്പെടുന്നതെന്നു നാട്ടുകാര്‍ പറയുന്നു. കൃഷിവിളകള്‍ കരിഞ്ഞുണങ്ങി തുടങ്ങി. വാഴ കൃഷിയാണു വ്യാപകമായി ചൂടേറ്റു നശിച്ചത്. ചൂടിന്‍െറ ആധിക്യം മൂലം അസുഖങ്ങളും വ്യാപിച്ചു തുടങ്ങി. കുട്ടികള്‍ക്കിടയിലാണു രോഗങ്ങള്‍ പടരുന്നത്. പനിയും ഛര്‍ദിയും വയറിളക്കവും ശ്വാസംമുട്ടലുമാണു വ്യാപിച്ചിട്ടുള്ളത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അനവധി പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചൂട് 40 ഡിഗ്രി കടന്നതോടെ ജലസ്രോതസുകള്‍ അപ്രത്യക്ഷമായി തുടങ്ങി. ഭൂരിഭാഗം കിണറുകളും വറ്റിവരണ്ടു. ജനം കുടിവെള്ളത്തിനായി പരക്കം പായുകയാണ്. വാമനപുരം നദിയിലെ ജലനിരപ്പ് അനുദിനം താഴുന്നു. കല്ലാര്‍ നദിയുടെ മിക്ക ഭാഗവും നിശ്ചലാവസ്ഥയിലാണ്. വൈദ്യുതി ഉല്‍പാദന കേന്ദ്രമായ പേപ്പാറ ഡാമിലെ സ്ഥിതിയും വിഭിന്നമല്ല. ഇൌ സ്ഥിതി
തുടര്‍ന്നാല്‍ കുടിവെള്ള വിതരണവും വൈദ്യുതി ഉല്‍പാദനവും തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.
ചൂടിന്‍െറ തീവ്രത മൂലം വൈദ്യുതി ഉപഭോഗവും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. നേരം പുലരുവോളം ഫാനില്ലാതെ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. എസിയുടെ വില്‍പനയും വര്‍ധിച്ചു. കടുത്ത ചൂടേറ്റു വലയുന്നതിനിടയില്‍ കടന്നെത്തിയ ലോഡ്ഷെഡിങ് ജനത്തിന് ഇരുട്ടടിയായി മാറി. അരമണിക്കൂര്‍ പവര്‍കട്ട് സമയത്തു ജനം വല്ലാതെ ബുദ്ധിമുട്ടുന്നു.

