പാലോട്. നന്ദിയോട് പാലുവള്ളി സഹൃദയാ ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നാളെ വൈവിധ്യവും ആകര്‍ഷകവുമായ സമ്മാനങ്ങളുമായി അഖില കേരള വടംവലി മല്‍സരം നടക്കും. ഒന്നാം സമ്മാനം നേടുന്ന ടീമിന് എട്ടു 'പൂവന്‍കോഴിയും 10001 രൂപയും നാലു ട്രോഫികളും സമ്മാനിക്കുമ്പോള്‍ രണ്ടാം സ്ഥാനം നേടുന്ന ടീമിന് എട്ട് 'പിടക്കോഴിയും 5001 രൂപയും, രണ്ടു ട്രോഫികളും ലഭിക്കും. മൂന്നാം സ്ഥാനം നേടുന്ന ടീമിനാകട്ടെ എട്ട് 'കോഴിമുട്ടയും 3001 രൂപയും ട്രോഫിയും ലഭിക്കും. എട്ട് സ്ഥാനം വരെ നേടുന്ന ടീമുകള്‍ക്കു കാഷ് പ്രൈസ് ലഭിക്കും.
രാത്രി എട്ടു മണി മുതലാണു മല്‍സരം ആരംഭിക്കുന്നത്. പ്രസിഡന്റ് പാലുവള്ളി ശശിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. പ്രതിഭകളെ ആദരിക്കല്‍, ചികില്‍സാ സഹായ വിതരണം, നേത്രചികില്‍സാ ക്യാംപ്, ഫോട്ടോപ്രദര്‍ശനം, ക്വിസ് മല്‍സരം, മാജിക് ഷോ എന്നിവയും ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്നു സെക്രട്ടറി ചൂടല്‍ ജോണി അറിയിച്ചു. വടം വലിയുടെ വിവരങ്ങള്‍ക്ക് ഫോണ്‍: 9745406909


