വിതുര.ടൂറിസ്റ്റ്കേന്ദ്രമായ പൊന്മുടിയില് ഇന്നലെ ടൂറിസ്റ്റുകളുടെ വന്‍തിരക്ക് അനുഭവപ്പെട്ടു. അപ്പര്സാനറ്റോറിയം മുതല്‍ ഗസ്റ്റ് ഹൌസ് വരെ വാഹനങ്ങളെക്കൊണ്ട് നിറഞ്ഞു. ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തിയതോടെ പൊന്മുടി അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടി. വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളും പൊന്മുടിയുടെ സൌന്ദര്യം നുകരാനെത്തിയതോടെ മണിക്കൂറുകളോളം ഇവിടെ ജനസമുദ്രമായിമാറി. അവധിക്കാലം ആഘോഷിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നൂറുകണക്കിനു പേര് രാവിലെ തന്നെ എത്തിയിരുന്നു.
കത്തുന്ന ചൂടായതിനാല്‍ കുടുംബസമേതം എത്തിയവര്‍ വൈകിട്ടാണു പൊന്മുടി മലയിറങ്ങിയത്. ഇടയ്ക്ക് നേരിയതോതില്‍ മഴയും, കോടമഞ്ഞുവീഴ്ചയുമുണ്ടായതു സഞ്ചാരികള്‍ക്കു നവ്യാനുഭൂതി പകര്‍ന്നു. ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ പൊന്മുടിയിലേക്കു സഞ്ചാരികളുടെ ഒഴുക്കും വര്‍ധിച്ചു. ഏപ്രില്‍ മാസമായതോടെ പൊന്മുടി മലനിര അടിമുടി പൂത്തുലഞ്ഞു നില്‍ക്കുകയാണ്. ഗോള്‍ഡന്‍വാലി മുതല്‍ പൊന്മുടി വരെയുള്ള വനത്തിലെ മരങ്ങളില്‍ ഭൂരിഭാഗവും പൂവണിഞ്ഞു.
ഗുല്‍മോഹറും, കണിക്കൊന്നയും പൂത്തുലഞ്ഞുനില്ക്കുന്നതു സഞ്ചാരികള്‍ക്കു നയനാനന്ദകരമായ കാഴ്ച സമ്മാനിക്കുന്നു. പുല്‍മേടുകളും സ്വര്‍ണവര്‍ണം വിതറുന്നു. സീസണില്‍ ആദ്യമായാണ് ഇത്രയും തിരക്ക് അനുഭവപ്പെട്ടതെന്നു പൊന്മുടി നിവാസികള്‍ പറഞ്ഞു. ഇന്നലെ സഞ്ചാരികള്‍ കുടിവെള്ളം കിട്ടാതെ നട്ടം തിരിഞ്ഞു. പൊന്മുടിയിലെ
പൈപ്പുകളില്‍ ഇന്നലെ ഒരു തുള്ളിവെള്ളം പോലും ഇല്ലായിരുന്നതുമൂലം സഞ്ചാരികള്‍ ദാഹിച്ചു വലഞ്ഞു. നൂറുകണക്കിനു പേര് ഉപയോഗിച്ച പബ്ളിക് കംഫര്‍ട്ട് സ്റ്റേഷന് ചീഞ്ഞുനാറി.
പൊലീസ് സ്റ്റേഷനു സമീപമാണു പബ്ളിക് ബാത്ത് റൂം. പൊലീസുകാര്‍ മൂക്കു പൊത്തി ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. വെള്ളം ചോദിച്ച് അനവധി പേര് പൊലീസ് സ്റ്റേഷനിലെത്തിയതോടെ പൊലീസുകാര്അഞ്ചുകിലോമീറ്റര് താണ്ടി കുളച്ചിക്കരയിലെത്തി ജലം ശേഖരിച്ചുകൊണ്ടുവന്നാണു ടൂറിസ്റ്റുകള്‍ക്കു നല്‍കിയത്. പൊന്മുടിയില് പൈപ്പുവെള്ള വിതരണം അടിക്കടി തടസ്സപ്പെടുകയാണ്. അതേസമയം, പൊന്മുടിയില് സര്‍ക്കാര്‍ അനുവദിച്ച മൂന്നുകോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
അപ്പര്‍സാനറ്റോറിയത്തില്‍ വെയിറ്റിങ്ഷെഡ്, കന്റീന്‍ എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനം തുടങ്ങി. പുതിയ ഗസ്റ്റ്ഹൌസിന്റെ നിര്‍മാണം അടുത്തമാസം ആരംഭിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച ഹെലിപ്പാഡ് യാഥാര്‍ഥ്യമാകുന്നതോടെ പൊന്മുടിയുടെ മുഖഛായ തന്നെ മാറും.

