പാലോട്: പാലോട് കെ.എസ്.ആര്.ടി.സി. ഡിപ്പോയില്‍നിന്നും കഴിഞ്ഞ രണ്ട് ദിവസമായി ഓട്ടംപോയ ബസ്സുകള്‍ രണ്ടും മെക്കാനിക്കല്‍ തകരാര്‍ കാരണം വഴിയില്‍ അപകടം സംഭവിച്ചു. രണ്ടപകടങ്ങളിലും തലനാരിഴയ്ക്കാണ് നൂറുകണക്കിന് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഞായറാഴ്ച നെടുമങ്ങാട്-കുളത്തൂപ്പുഴ സര്‍വീസ് നടത്തിയ ആര്.ടി. 130 എന്ന ബസ് വഞ്ചുവം ഇറക്കം ഇറങ്ങുന്നതിനിടെ 'സ്റ്റിയറിങ് റാഡ് എന്‍ഡ്' ഊരി നിയന്ത്രണംവിട്ടു. കൊടും വളവും ഇറക്കവുമായിരുന്നിട്ടും ഡ്രൈവറുടെ മനോധൈര്യംകൊണ്ടുമാത്രം സമീപത്തെ മണ്തേരിയില് ഇടിച്ച് ബസ് നിര്‍ത്തുകയായിരുന്നു.
ഉച്ചയ്ക് 3.30ന് ഈ അപകടം നടക്കുമ്പോള്‍ ബസ്സില്‍ 82 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരുടെ ഭാഗ്യംകൊണ്ടുമാത്രമാണ് ആര്‍ക്കും അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത്. തിങ്കളാഴ്ചയും സമാനമായ അപകടം നടന്നു. നെടുമങ്ങാട്ടുനിന്നും അഗ്രിഫാമിലേക്ക് വരികയായിരുന്ന ആര്.ടി. 130 എന്ന ബസ്സാണ് മുന്‍ ചക്രം ഊരിത്തെറിച്ച് വലിയ അപകടത്തില്‍പ്പെട്ടത്.
കല്ലംപാറ വളവിനടുത്തെ തടി മില്ലിനടുത്തുവെച്ചാണ് ബസ്സിന്റെ ഇടതുവശത്തെ ചക്രം ഊരി തടിക്കൂട്ടത്തിന്റെ മുകളിലേക്ക് പോയത്. എന്നിട്ടും ബസ് ആക്സില്‍ തറയിലുരഞ്ഞ് ഇരുപത് മീറ്ററിലധികം ദുരം സഞ്ചരിച്ചു. അപകടസമയത്ത് ബസ്സില്‍ 80 യാത്രക്കാരുണ്ടായിരുന്നു. കൂട്ട നിലവിളിയും നിലയ്ക്കാത്ത പ്രാര്ഥനയുംകൊണ്ടാണ് വന്‍ ദുരന്തത്തില്‍നിന്നും യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടത്. തടിമില്ലിലെ തടി ഇല്ലായിരുന്നെങ്കില്‍ ബസ് ഒരുപക്ഷേ സമീപത്തെ തോട്ടിലേക്ക് മറിയുമായിരുന്നു.
ബോര്ഡ്ലൈറ്റും വൈപ്പറുകളും ബ്രേക്കും ഇല്ലാതെ ഓടുന്ന ജന്റം ബസ്സുകളും പാലോട് ഡിപ്പോയിലെ മാത്രം കാഴ്ചയാണ്. അധികൃതരുടെ അശ്രദ്ധയും നിരന്തരപരിശോധനയും ഇല്ലാത്തതുകാരണം സംഭവിക്കുന്ന അപകടങ്ങള്‍ക്ക് മിക്കപ്പോഴും രക്തസാക്ഷികളാകുന്നത് ഈ ഡിപ്പോയിലെ പാവം ഡ്രൈവര്‍മാരാണ്. സമീപകാലങ്ങളില്‍ പച്ചമല ബസ്സില്‍ നടന്ന അപകടംപോലും ഈ ദിശയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.


