വിതുര. തൊളിക്കോട്, വിതുര പഞ്ചായത്തുകളില്‍ തെരുവുനായശല്യം രൂക്ഷം. പേപ്പട്ടിയുടെ കടിയേറ്റു നാല്‍പ്പതു ദിവസമായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തേവിയോട് ശാന്തി നഗറില്‍ ജി.എസ്. ദേവികാപ്രസാദ് എന്ന അഞ്ചര വയസ്സുകാരി മരിച്ചതോടെ ജനം ഭീതിയിലായി.
പൊന്മുടി-വിതുര റോഡില്‍ തേവിയോട് ജംക്ഷനു സമീപമുള്ള വീട്ടില്‍ കയറിയാണു ദേവികയെ തെരുവുനായ കടിച്ചത്. തലസ്ഥാന നഗരിയില്‍ നിന്നു വരെ രാത്രി വാഹനത്തില്‍ തെരുവുനായ്ക്കളെ വിതുര പഞ്ചായത്തിലെ കല്ലാര്‍ ഗോള്ഡന്വാലിയിലും കാലങ്കാവിലും തൊളിക്കോട് പഞ്ചായത്തിലെ പേരയത്തുപാറ ഭാഗത്തും കൊണ്ടിറക്കിവിട്ടതായി ആരോപണമുണ്ട്.
വിതുര ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, സ്കൂള്‍, കെഎസ്ആര്‍ടിസി ഡിപ്പോ പരിസരങ്ങള്‍ തെരുവുനായ്ക്കളുടെ താവളമാണ്. ഡിപ്പോയ്ക്കകത്തുവച്ച് യാത്രക്കാരെ നായ് കടിച്ച സംഭവവുമുണ്ടായി. തെരുവുനായ്ക്കളെ പിടികൂടാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


