വിതുര.വിനോദസഞ്ചാരാര്ഥം പൊന്മുടി സന്ദര്‍ശിക്കാനെത്തിയ സംഘം സഞ്ചരിച്ച ബസ് പൊന്മുടി എട്ടാംവളവിനു സമീപം നടുറോഡില്‍ ബ്രേക്ക് ഡൌണായതുമൂലം വിതുര- പൊന്മുടി റൂട്ടില്‍ മൂന്നര മണിക്കൂര്‍ ഗതാഗതം നിലച്ചു. ദുരന്തം ഒഴിവായി. കുത്തനെയുള്ള കയറ്റത്തിലാണു ബസ് ബ്രേക്ക് ഡൌണായത്. സാധാരണ വലിയ ബസുകള്‍ അപൂര്‍വമായാണു ടൂറിസ്റ്റുകളുമായി പൊന്മുടിയിലെത്താറുള്ളത്.
ഡ്രൈവറുടെ മനസാന്നിധ്യം മൂലമാണു വന്‍ അപകടം ഒഴിവായത്. ഡ്രൈവര്‍ ഭയന്നെങ്കിലും ബസ് മറിയാതെ നിര്‍ത്തിയിട്ടു. എട്ടാം വളവിനു സമീപം വന്കൊക്കയുള്ള ഭാഗത്താണു ബസ് നിന്നത്. ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ നിന്നെത്തിയ ക്വയര്ഗ്രൂപ്പ് സഞ്ചരിച്ച ബസാണു കുത്തനെയുള്ള നടുറോഡില്‍ നിന്നുപോയത്. 33 കുട്ടികളും, ഫാദറും, ആയമാരും ബസിലുണ്ടായിരുന്നു. കുട്ടികള്‍ ഭയന്നു നിലവിളിച്ചെങ്കിലും പെട്ടെന്ന് ബസില്‍ നിന്നിറങ്ങാന്‍ ഡ്രൈവറും ഫാദറും നിര്‍ദേശം നല്കി.
ബസ് വഴിയിലായെങ്കിലും കുട്ടികള്‍ കിലോമീറ്ററുകളോളം നടന്ന് പൊന്മുടി സന്ദര്‍ശിച്ചു. പൊന്മുടി സ്റ്റേഷനിലെ പൊലീസുകാര്‍ കുട്ടികള്‍ക്കു വേണ്ട സഹായം ചെയ്തു. വിതുരയില്‍ നിന്ന് മെക്കാനിക് എത്തി റിപ്പയറിങ് നടത്തി പൊന്മുടിയിലേക്കു പോകാതെ ബസ് മടക്കി അയച്ചു.


