വിതുര. പഞ്ചായത്തിലനുഭവപ്പെടുന്ന രൂക്ഷമായ കുടിനീര്‍ക്ഷാമത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു സിപിഎം വിതുര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വിനീഷ്കുമാറിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഒാഫിസ് ഉപരോധിച്ചു .താവക്കല്‍ പമ്പ്ഹൌസിലെ മോട്ടോര്‍ ഇടിമിന്നലേറ്റു കേടായതിനെ തുടര്‍ന്നു നാലു ദിവസമായി വിതുര മേഖലയില്‍ പൈപ്പ്ജല വിതരണം മുടങ്ങിയിരിക്കുകയായിരുന്നു.
കിണറുകളും മറ്റു ജലസ്രോതസുകളും മാസങ്ങളായി വറ്റിവരണ്ടുകിടക്കുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പൈപ്പ് ജലം കൂടി ലഭിക്കാതെവന്നതോടെ കുടിനീരിനായി പരക്കംപായുകയായിരുന്നു. മറ്റു മേഖലയില്‍ അധിവസിക്കുന്നവര്‍ പൈപ്പുകള്‍ നോക്കുകുത്തിയായതോടെ കിലോമീറ്ററുകളോളം നടന്നു വാമനപുരംനദിയില്‍ നിന്നും മറ്റും ജലം ശേഖരിച്ചാണ് ഉപയോഗിച്ചിരുന്നത്. വെള്ളം വിലയ്ക്കു വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലായിരുന്നു കച്ചവടക്കാര്‍.
ഇന്നലെ സമരം നടത്തിയതിനെത്തുടര്‍ന്നു പഞ്ചായത്തില്‍ അടിയന്തരമായി ടാങ്കര്‍ലോറിയില്‍ കുടിവെള്ള വിതരണം നടത്തി. ഒരു മണിക്കൂറിനകം രൂക്ഷമായ കുടിനീര്‍ക്ഷാമം അനുഭവപ്പെടുന്ന മേഖലയിലും ആശുപത്രിയിലും കടകളിലും ഹോട്ടലുകളിലും മറ്റും വെള്ളം എത്തിക്കുകയും ചെയ്തു. അതേസമയം, വിതുരയിലെ കുടിവെള്ള പ്രശ്നം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും താവക്കല്‍ പമ്പ്ഹൌസിലെ മോട്ടോര്‍ ഇന്നലെ നന്നാക്കി പൈപ്പ്ജല വിതരണം പുനഃസ്ഥാപിക്കാനായില്ലെങ്കില്‍
ഇന്നലെ ഉച്ചയ്ക്കു 12 മുതല്‍ ടാങ്കര്‍ ലോറിയില്‍കുടിവെള്ള വിതരണം നടത്താന്‍ താലൂക്ക് ഒാഫിസര്‍ നിര്‍ദേശം നല്‍കിയിരുന്നതായും വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ അറിയിച്ചു.
സിപിഎം സമരം നടത്തിയതുകൊണ്ടല്ല ജലവിതരണം നടത്തിയതെന്നും പ്രസിഡന്റും വൈസ്പ്രസിഡന്റും ഭരണസമിതിയംഗങ്ങളും പറഞ്ഞു. പൈപ്പ്ജല വിതരണം പുനരാരംഭിക്കുന്നതുവരെ ടാങ്കറില്‍ ശുദ്ധജലം എത്തിക്കും. രൂക്ഷമായ കുടിനീര്‍ക്ഷാമം നേരിടുന്ന പ്രദേശത്തുകാര്‍ പഞ്ചായത്ത് ഒാഫിസില്‍ ബന്ധപ്പെടണം. താവക്കല്‍ പമ്പ്ഹൌസിലെ തകരാറിലായ മോട്ടോര്‍ അടിയന്തരമായി നന്നാക്കി പൈപ്പ്ജല വിതരണം പുനഃസ്ഥാപിക്കാനും വാട്ടര്‍അതോറിറ്റിക്കു പഞ്ചായത്തും തഹസില്‍ദാരും നിര്‍ദേശം നല്‍കി.