പാലോട്: വിദേശത്ത് ജോലി നല്‍കാമെന്നുപറഞ്ഞ് റാന്നി സ്വദേശിനിയായ വീട്ടമ്മയെ പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ച നാലംഗസംഘത്തിലെ ഒരാളെ പാലോട് പോലീസ് അറസ്റ്റുചെയ്തു. കല്ലറ കുറ്റിമൂട് ദിനേശ് ഭവനില്‍ ദിനേശ് (35) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ദിനേശിന്റെ സുഹൃത്തുക്കളും നാട്ടുകാരുമായ അനീഷ്, മണിക്കുട്ടന്‍, സുരേഷ് എന്നിവരെപ്പറ്റി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതില്‍ സുരേഷും അനീഷും ബഹ്‌റിനിലാണ്.
വിദേശത്ത് ജോലിക്കായി റാന്നി സ്വദേശിനിയായ യുവതി 'ഫെയ്‌സ്ബുക്കി'ല്‍ നല്‍കിയിരുന്ന ബയോഡേറ്റ അനീഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. തന്റെ സുഹൃത്ത് സുരേഷ് ബഹ്‌റിനില്‍ ഉണ്ടെന്നും ജോലി തരപ്പെടുത്തുമെന്നും ഇന്റര്‍വ്യൂവിനായി തിരുവനന്തപുരത്ത് എത്താനും അറിയിച്ചു. നവംബര്‍ അവസാനത്തോടെ യുവതി തിരുവനന്തപുരത്തേക്ക് ഇന്റര്‍വ്യൂവിനായി വന്നു. കിളിമാനൂരില്‍വെച്ച് ദിനേശും സുരേഷും ഇവരെ കാറില്‍ കയറ്റി. തടര്‍ന്ന് ചടയമംഗലം, കടയ്ക്കല്‍, പാലോട്, പൊന്‍മുടി എന്നിവിടങ്ങളില്‍ കൊണ്ടുപോയി കാറിനകത്തുവെച്ചുതന്നെ പീഡിപ്പിച്ചു.
രാത്രിയില്‍ 10 മണിയോടെ കല്ലറ കുറ്റിമൂട്ടിലെ ദിനേശിന്റെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ചു. ഇവിടെവെച്ച് മണിക്കുട്ടനും ദിനേശും ഇവരെ പീഡനത്തിന് വിധേയമാക്കി. പിറ്റേന്ന് പുലര്‍ച്ചെ കിളിമാനൂരില്‍ കൊണ്ടുചെന്ന് സ്ത്രീയെ കോഴിക്കോട് ബസ്സില്‍ കയറ്റിവിട്ടശേഷം നാലു സുഹൃത്തുക്കളും പിരിഞ്ഞു. ഡിസംബര്‍ ആദ്യത്തോടെ പീഡനവിവരം പുറത്തുപറയുമെന്നും അന്നെടുത്ത ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. 2,30,000 രൂപ ഇവരില്‍നിന്നും തട്ടിയെടുത്തു.
ഇതിനിടെ മാനസിക പീഡനം സഹിക്കാതെ യുവതി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെയാണ് വിവരം വീട്ടിലറിയുന്നത്. തുടര്‍ന്ന് പൊന്‍മുടി എന്ന സ്ഥലപ്പേര് മാത്രം അറിയാമായിരുന്ന ഇവര്‍ പൊന്‍മുടി സ്റ്റേഷനില്‍ ബന്ധുക്കളോടൊപ്പം എത്തി കേസ് നല്‍കി.
തുടര്‍ന്ന് പാലോട് സി.ഐ. പ്രദീപ്കുമാര്‍ നടത്തിയ അന്വേഷണത്തിനെത്തുടര്‍ന്നാണ് സംഘത്തില്‍പ്പെട്ട ദിനേശിനെ തിരിച്ചറിയാന്‍ സാധിച്ചത്. നെടുമങ്ങാട് ഡിവൈ.എസ്.പി. മുഹമ്മദ്ഷാഫി, പാലോട് സി.ഐ. പ്രദീപ്കുമാര്‍, എസ്.ഐ. ബൈജു, എസ്.ഐ. ഷാഹുല്‍ഹമീദ്, ഷിഹാബ്, ഷിബു, ഭുവനചന്ദ്രന്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. മറ്റ് പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.