പാലോട്: സ്വകാര്യബസ്സുകളെ സഹായിക്കല്‍, വണ്ടികള്‍ സ്ഥിരമായി വഴിയിലാകല്, ജീവനക്കാര്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കല്‍ എന്നീ പരാതികളെത്തുടര്‍ന്ന് കെ.എസ്.ആര്.ടി.സി വിജിലന്‍സ് വിഭാഗം വ്യാഴാഴ്ച പാലോട് ഡിപ്പോയില്‍ തിരച്ചില്‍ നടത്തി. കെ.എസ്.ആര്.ടി.സി വിജിലന്‍സ് വിഭാഗം ഓഫീസര്‍ കലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. രാവിലെ 9.30ന് തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് 1 മണി വരെ നീണ്ടു.
കഴിഞ്ഞ ദിവസം തെന്നൂര്‍ ഭാഗത്തേക്കുള്ള ആറ് സര്‍വീസുകളും മറ്റ് രണ്ട് ഭാഗത്തേക്കുള്ള നാല് സര്‍വീസുകളും ഉള്‍പ്പെടെ ഒരു മുന്നറിയിപ്പുമില്ലാതെ പത്ത് സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു. ഡ്രൈവര്‍മാര്‍ ഡ്യൂട്ടിക്ക് ഹാജരാകുന്നില്ല എന്ന കാരണം പറഞ്ഞാണ് സര്‍വീസുകള്‍ നിര്‍ത്തിയത്. ഇത് ഗുരുതരമായ യാത്രാക്ലേശത്തിനു കാരണമായി. എന്‍ട്രന്‍സ് ദിനത്തില്‍ കുട്ടികളും രക്ഷിതാക്കളും വലഞ്ഞു. ഗുരുതരമായ ഈ കൃത്യവിലോപത്തെക്കുറിച്ച് 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
കൂടാതെ ഡിപ്പോയില്‍ നിന്നും ഓട്ടം പോയ രണ്ട് ബസ്സുകളുടെ ടയര്‍ ഊരിത്തെറിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിജിലന്‍സ് തിരച്ചില്‍ നടന്നത്. വി.എസ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡി. അരുണ്‍കുമാര്‍, സ്റ്റേഷന് മാസ്റ്റര്‍ മനോഹരന് എന്നിവരെ അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കൂടാതെ വി.എസ്, എസ്.എം ഡ്രൈവര്‍മാര്‍ എന്നിവരുടെ അറ്റന്‍ഡന്‍സ് രജിസ്റ്ററുകള്‍, ഡ്രൈവര്‍മാരുടെ പോസ്റ്റിങ് ഫയല്‍ എന്നിവയുടെ പകര്‍പ്പുകളും സംഘം ശേഖരിച്ചു.
അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ആറുപേര്‍ ഡിപ്പോയില്‍ ഉണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഒരു ദിവസം ഒരേ സ്ഥലത്തേക്കുള്ള ആറ് സര്‍വീസുകള്‍ എന്തിന് റദ്ദാക്കിഎന്ന ചോദ്യത്തിന് അധികൃതരില്‍നിന്നും സത്യവാങ്മൂലം എഴുതിവാങ്ങി. ഗുരുതരമായ കൃത്യവിലോപമാണ് ജീവനക്കാരുടെയും അധികൃതരുടെയും ഭാഗത്തുനിന്നും ഉണ്ടായതെന്നും വി.എസ്. ഡ്യൂട്ടിക്ക് യോഗ്യതയുള്ളവരെ ഡിപ്പോയില്‍ പരിഗണിച്ചിട്ടില്ലാത്ത ഇക്കാര്യങ്ങളില്‍ നടപടികള്‍ ഉണ്ടാവുമെന്നും അന്വേഷണഉദ്യോഗസ്ഥര്‍ പറഞ്ഞു.


