പാലോട്. 135 കിലോ കര്‍പ്പൂരം കത്തിയമര്‍ന്ന് അന്തരീക്ഷത്തില്‍ ആവിയായി ഉയര്‍ന്നപ്പോള്‍ കാണാനെത്തിയ ആയിരങ്ങളുടെ ശരണം വിളികളും അതിനൊപ്പം ഉയര്‍ന്നു പൊങ്ങി അലയടിച്ചു ഭക്തിയുടെ ചൂടും ചൂരും പകര്‍ന്നു. പൈങ്കുനി ഉത്രം ഉല്‍സവത്തിന്റെ ഭാഗമായി നന്ദിയോട് പച്ച നെടുംപറമ്പ് ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ഇന്നലെ നടന്ന കര്‍പ്പൂര ദീപക്കാഴ്ചയാണു ഭക്തിയുടെ കണിയൊരുക്കിയത്. കര്‍പ്പൂരക്കട്ടകള്‍ ക്ഷേത്രത്തിനു നാലു ചുറ്റും നിറച്ചു കത്തിച്ചാണു ദീപക്കാഴ്ചയൊരുക്കിയത്.
ദീപം തെളിക്കുന്നതിനു മുന്‍പ് പെയ്യാന്‍ വെമ്പല്‍ കൊണ്ട മഴ അപ്രത്യക്ഷമായതും സമീപ പ്രദേശങ്ങളില്‍ മഴ പെയ്തതും കൌതുകമായി. കാഴ്ച ദര്‍ശിക്കാന്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു. തുടര്‍ന്നു നടന്ന പുഷ്പാഭിഷേകത്തിലും തിരക്ക് അനുഭവപ്പെട്ടു. ഉല്‍സവത്തിന്റെ ഒന്‍പതാം ദിവസമായ ഇന്നു രാത്രി ഒന്‍പതിന് പള്ളിവേട്ടയും പള്ളിക്കുറുപ്പു പൂജയും നടക്കും. നാളെ ഉല്‍സവം സമാപിക്കും. വന്‍ തിരക്കാണു ക്ഷേത്രത്തില്‍.
മനോരമ- കുടജാദ്രിമഠം സമ്മാന പദ്ധതി
പാലോട്. പച്ച ഉല്‍സവത്തിന്റെ ഭാഗമായി മനോരമയും നന്ദിയോട് കുടജാദ്രിമഠം ജ്യോതിഷാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മാന പദ്ധതിയുടെ കൂപ്പണ്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. മീഡിയാ സെന്ററില്‍ നിന്ന് ലഭിക്കുന്ന കൂപ്പണ്‍ പൂരിപ്പിച്ചു ബോക്സില്‍ നിക്ഷേപിക്കുന്നവര്‍ക്കു നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കും. മനോരമയുടെ പോക്കറ്റ് കലണ്ടറും പത്രവും കൌണ്ടറില്‍ നിന്ന് സൌജന്യമായി ലഭിക്കും.


