പാലോട്. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ഇന്നലെ രാവിലെ പെരിങ്ങമ്മല ഭാഗത്തേക്കുള്ള അഞ്ചു സര്‍വീസുകള്‍ നടത്താത്തതുമൂലം യാത്രക്കാര്‍ വലഞ്ഞു. രാവിലെ 6.10നുള്ള തെന്നൂര്‍, 6.25നുള്ള അഗ്രി ഫാം, 6.45നുള്ള കാട്ടിലക്കുഴി, 7.10നുള്ള പെരിങ്ങമ്മല - തിരുവനന്തപുരം ലോ ഫ്ളോര്‍, 7.30നുള്ള തെന്നൂര്‍ എന്നീ സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്.
മുന്നറിയിപ്പില്ലാതെ ഇത്രയേറെ സര്‍വീസുകള്‍ മുടങ്ങിയതുമൂലം വിദ്യാര്‍ഥികളും പരീക്ഷാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരും അടക്കമുള്ള യാത്രക്കാര്‍ പെരുവഴിയിലായി. പലര്‍ക്കും യഥാസമയം ലക്ഷ്യസ്ഥാനത്തെത്താനായില്ല. മേല്‍പ്പറഞ്ഞ സര്‍വീസില്‍ 6.20നുള്ള അഗ്രി ഫാം അവിടെ നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേക്കു നടത്തുന്നതാണ്. ഈ സര്‍വീസിനെ ആശ്രയിച്ചു യാത്രചെയ്യുന്ന പതിവു യാത്രക്കാര്‍ ധാരാളമുണ്ട്. അവരും ഇന്നലെ വലഞ്ഞു. സര്‍വീസുകളുടെ കുറവ് മറ്റു മേഖലകളിലും പ്രതിഫലിച്ചു.
പാലോട് ഡിപ്പോ അധികൃതര്‍ കാട്ടിയതു തികഞ്ഞ അനാസ്ഥയാണെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു. ഇത്രയും സര്‍വീസുകള്‍ ഒറ്റയടിക്കു മുടക്കി യാത്രക്കാരെ ദുരിതക്കയത്തിലാക്കിയ നടപടി ചൂണ്ടിക്കാട്ടി മന്ത്രിക്കു നിവേദനം നല്‍കാനുള്ള നീക്കത്തിലാണു യാത്രക്കാര്‍. അതേസമയം ഡൈവര്‍മാരുടെ കുറവാണു സര്‍വീസുകള്‍ മുടങ്ങാന്‍ കാരണമെന്നാണു ഡിപ്പോ അധികൃതരുടെ ഭാഷ്യം.


