പാലോട്. നന്ദിയോട് പഞ്ചായത്തിലെ പയറ്റടി റോഡില്‍ പച്ച ശാസ്താ ക്ഷേത്രത്തിനു സമീപം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ടാര്‍ മിക്സിങ് പ്ളാന്റ് ജനജീവിതം ദുസ്സഹമാക്കുന്നതോടൊപ്പം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നതായുമുള്ള പരാതി വ്യാപകം. റോഡ്വശത്തു ജനവാസ മേഖലയിലാണു പ്രസ്തുത പ്ളാന്റ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിന്നുള്ള പുകയും പൊടിയും സമീപവാസികള്‍ക്കു കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു തിരുവനന്തപുരം-ചെങ്കോട്ട റോഡില്‍ ചുള്ളിമാനൂര്‍ മുതല്‍ ഇലവുപാലം വരെയുള്ള ഭാഗം ലോക ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാര്‍ ചെയ്യുന്നതിനാണ് ഇവിടെ പ്ളാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്.
അന്നു തന്നെ ജനവാസ മേഖലയില്‍ പ്ളാന്റ് സ്ഥാപിച്ചാലുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ എതിര്‍പ്പ് ശക്തമായില്ല. എന്നാല്‍ പ്രസ്തുത റോഡ് പണിതീര്‍ന്നിട്ട് ഏറെനാളായിട്ടും പ്ളാന്റ് പൊളിക്കാതെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പണിക്കായി ഇവിടെ നിന്നാണ് ഇപ്പോള്‍ ടാര്‍ കുഴച്ചു കൊണ്ടുപോകുന്നത്. അന്തരീക്ഷ മലിനീകരണവും കുട്ടികള്‍ക്കടക്കം രോഗഭീഷണി ഉയര്‍ത്തുന്നതുമായ പ്ളാന്റിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.


