പാലോട്: സങ്കീര്‍ണമായ തകരാര്‍ ചൂണ്ടിക്കാട്ടി വര്‍ക്ക്‌ഷോപ്പിലായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് അധികൃതരുടെ അറിവില്ലാതെ സര്‍വീസ് നടത്തിയതായി പരാതി. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡ്രൈവറെ വിളിച്ചുവരുത്തി പ്രശ്‌നം ഒതുക്കി. പാലോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലാണ് സംഭവം. ഈ മാസം 11ന് പൗവ്വത്തൂര്‍-പച്ചമല വഴി നെടുമങ്ങാട് സര്‍വീസ് നടത്തുന്നതിന് ടി.എസ് 287 എന്ന ബസ് ആണ് നല്‍കിയത്.
എന്നാല്‍ ഡ്രൈവര്‍ കൊണ്ടുപോയതാകട്ടെ ആര്‍.എ.സി 253-ാം നമ്പര്‍ ബസും. ഇത് തകരാര്‍ പരിഹരിക്കുന്നതിനായി വര്‍ക്ക്‌ഷോപ്പില്‍ കിടന്ന ബസ് ആയിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ ഉച്ചയ്ക്ക് 1.30ന് യൂണിയന്‍ ഇടപെട്ട് ഡ്രൈവറെയും ബസ്സിനെയും ഡിപ്പോയില്‍ വിളിച്ചുവരുത്തി. അവസാനത്തെ രണ്ട് സര്‍വീസിന് ടിഎസ് 287-ാംനമ്പര്‍ ബസ് തന്നെ ഉപയോഗിക്കുകയും ചെയ്തു. തകരാറിലായ ബസ് ആരുടെ അനുവാദത്തോടെയാണ് ഡ്രൈവര്‍ പുറത്തുകൊണ്ടുപോയതെന്നും ലോഗ്ഷീറ്റില്‍ എന്തുകൊണ്ട് വിവരങ്ങള്‍ രേഖപ്പെടുത്തിയില്ല എന്നുമുള്ള ചോദ്യങ്ങള്‍ക്ക് അധികൃതര്‍ക്ക് മറുപടിയില്ല.

