പാലോട്: തെന്നൂര്‍, മുളമൂട്ട് മണ്‍പുറത്ത് തടത്തരികത്ത് വീട്ടില്‍ ആദിവാസി യുവതി ബീന (24) ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റ സംഭവത്തില്‍ ഭര്‍ത്താവ് ആര്യനാട് ആനന്ദേശ്വരം വിളയില്‍ വീട്ടില്‍ ബിനു (36) വിനെ ചടയമംഗലം പോലീസ് അറസ്റ്റുചെയ്തു.
തന്നെ ഭര്‍ത്താവ് നിരന്തരമായി പീഡിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ബീന, അമ്മ വാസന്തിയെ നിരവധി തവണ വിവരമറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വാസന്തി ആഭ്യന്തരവകുപ്പ് മന്ത്രിക്ക് നല്കിയ പരാതിയിന്മേല് നടത്തിയ അന്വേഷണത്തിലാണ് ചടയമംഗലത്തെ ഒരു റബ്ബര്എസ്റ്റേറ്റില്നിന്നും ബിനുവിനെ അറസ്റ്റുചെയ്തത്.
ഇക്കഴിഞ്ഞ ഫിബ്രവരി 8നായിരുന്നു ശരീരമാസകലം പൊള്ളലേറ്റനിലയില്‍ ബീനയെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചത്. ഇതിന് ഒന്നര മണിക്കൂര്‍ മുമ്പും ഭര്‍ത്താവ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ബീന അമ്മയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ബീനയുടെ ശവസംസ്കാരചടങ്ങുകള്ക്കുപോലും ബിനു പങ്കെടുത്തിരുന്നില്ല.
ഇയാള്‍ മുമ്പ് രണ്ട് വിവാഹം കഴിച്ചിരുന്നതായി പോലീസ് പറയുന്നു. പരുത്തിപ്പള്ളി സ്വദേശിനി ശുഭലേഖ (21) യായിരുന്നു ആദ്യ ഭാര്യ. ഈ പെണ്‍കുട്ടിയും വിഷം കഴിച്ചു മരിക്കുകയായിരുന്നത്രേ. അന്നും നാട്ടുകാര്‍ മരണത്തില്‍ സംശയമുന്നയിച്ചിരുന്നു. രണ്ടാമത്തെ വിവാഹത്തിലെ പെണ്‍കുട്ടി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പിണങ്ങിപ്പോവുകയായിരുന്നു. മൂന്നാമത്തെ വിവാഹമായിരുന്നു ബീനയുടേത്. ഇതില്‍ രണ്ടു വയസ്സുള്ള ഒരു മകള്‍ കൂടിയുണ്ട്.
ബിനുവിന്റെ നേരത്തെയുള്ള ഭാര്യയുടെ മരണവും അന്വേഷണവിധേയമാക്കണമെന്ന് ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.


