നന്ദിയോട്: ഒരു ലൈസന്‍സും ഇല്ലാതെ പച്ച ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ടാര്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഒടുവില്‍ ഇടതുസംഘടനകളും രംഗത്തുവന്നു.
തിങ്കളാഴ്ച ഗ്രാമപ്പഞ്ചായത്ത് പടിക്കല്‍ നിന്നാരംഭിക്കുന്ന സമര ജാഥ പ്ലാന്റിന്റെ മുന്നില്‍ എത്തുന്നതോടെ സമരം ആരംഭിക്കും. ഒരു നിയമാനുവാദങ്ങളുമില്ലാതെ വളരെ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ടാര്‍ പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജി.എസ്.ഷാബി പറഞ്ഞു.
ഇതോടെ ഗ്രാമപ്പഞ്ചായത്ത് കഴിഞ്ഞ ദിവസം ഉണ്ടാക്കിയ സമവായക്കരാര്‍ കടലാസില്‍ ഒതുങ്ങും. ഡി.വൈ.എഫ്.ഐ പ്ലാന്റിന്റെ കവാടത്തില്‍ സമരം ശക്തിപ്പെടുത്തുന്നതോടെ സി.പി.എം പഞ്ചായത്ത് ഭരണ സമിതിക്കെതിരെയുള്ള സമരപരിപാടികള്‍ക്കും ആക്കം കൂട്ടും. പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേര്‍ക്കാതെ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് രഹസ്യമായി എന്‍.എ.പി.സി എന്ന ടാര്‍ കമ്പനിക്ക് എന്‍. ഒ. സി എഴുതി നല്‍കിയ സംഭവത്തെ ആയുധമാക്കിയാണ് ഇടത് സംഘടനകള്‍ പഞ്ചായത്തിനെതിരെ സമരം തുടങ്ങുന്നത്. മാര്‍ച്ച് ഒമ്പതിന് നല്‍കിയ ഈ എന്‍.ഒ.സിയെപ്പറ്റി 'മാതൃഭൂമി' കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയതോടെയാണ് രഹസ്യക്കരാര്‍ പുറത്തറിഞ്ഞത്.
ഇതിനിടെ പ്രദേശവാസികളായ സമരക്കാരുമായി പഞ്ചായത്ത് കമ്മിറ്റി ഉണ്ടാക്കിയ കരാറും തങ്ങളെ കബളിപ്പിക്കും വിധമാണ് എഴുതി തയ്യാറാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. അറുപത് ദിവസത്തേക്കുകൂടി മാത്രമേ ടാര്‍ പ്ലാന്റ് പ്രവര്‍ത്തിക്കൂ. അതിനുകൂടി സമയം അനുവദിക്കണം എന്നാണ് തങ്ങളോട് പറഞ്ഞതെന്നും പിന്നീട് നേതാക്കന്മാര്‍ എഗ്രിമെന്റ് വ്യവസ്ഥകള്‍ എഴുതി ഉണ്ടാക്കിയപ്പോള്‍ അത് കമ്പനിയുടെ 60 പ്രവൃത്തി ദിനങ്ങള്‍ എന്നാക്കിയതില്‍ തട്ടിപ്പിന്റെ മുഖമുണ്ടെന്നും സമരക്കാര്‍ പറയുന്നു.
തിങ്കളാഴ്ച മുതല്‍ പ്ലാന്റിന്റെ പടിക്കല്‍ നടക്കുന്ന സമരത്തിന് ഡി.വൈ.എഫ്.ഐ. നന്ദിയോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സജീഷാണ് നേതൃത്വം നല്‍കുന്നത്.