WELCOME
Sunday, May 13, 2012
പൊന്‍മുടിയില്‍ ലോറി കൊക്കയിലേക്കു മറിഞ്ഞു; ഡ്രൈവറടക്കം അഞ്ചുപേരും രക്ഷപ്പെട്ടു
വിതുര. തമിഴ്നാട്ടില്‍ നിന്ന് ഇഷ്ടിക കയറ്റിവന്ന ലോറി പൊന്‍മുടി കുളച്ചിക്കര പതിനൊന്നാംവളവിനു സമീപം അഗാധമായ കൊക്കയിലേക്കു മറിഞ്ഞു. ലോറിഡ്രൈവര്‍ തമിഴ്നാട് മാര്‍ത്താണ്ഡം ഉണ്ണാമലൈക്കടൈ പയണം സ്വദേശി എളിന്‍ മോഹന് (32) പരുക്കേറ്റു. ഇയാളെ 108 ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശികളായ എസ്.ഗണേഷ്കുമാര്‍ (30), ടി. സുഖി (31), സി. ബിജിന്‍ (20), ടി. ജപരാജ് (30) എന്നിവര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. ഐഎസ്ആര്‍ഒ പൊന്‍മുടി അപ്പര്‍ സാനറ്റോറിയത്തില്‍ നിര്‍മിക്കുന്ന ഐഎഎസ്ടി ഉപകേന്ദ്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി മാര്‍ത്താണ്ഡത്തു നിന്നു ചുടുകല്ല് കയറ്റിവന്ന ലോറിയാണ് ഇരുനൂറ് അടിയോളം താഴ്ചയിലേക്കു മറിഞ്ഞത്. അമിതമായി ഇഷ്ടിക കയറ്റിയതിനാല്‍ കുത്തനെയുള്ള കയറ്റത്തു ലോറി കയറിയില്ല. ലോറി നടുറോഡില്‍ നിന്നതിനെ തുടര്‍ന്നു ക്ളീനറും സഹായികളും ലോറിയില്‍ നിന്നിറങ്ങി.
ലോറിക്ക് അടവച്ചു കയറ്റുകയായിരുന്നു. പെട്ടെന്നു റോഡരികിടിഞ്ഞു ലോറി തലകീഴായി ഉയര്‍ന്ന് അഗാധമായ കൊക്കയിലേക്കു പതിക്കുകയായിരുന്നു. ഡ്രൈവര്‍ ലോറിയില്‍ നിന്നു തെറിച്ചുവീണു. മറ്റു നാലുപേരും ചാടി രക്ഷപ്പെട്ടു. കൊക്കയിലേക്കുള്ള വീഴ്ചയുടെ ആഘാതത്തില്‍
ലോറി ഛിന്നഭിന്നമായി. അപകടവാര്‍ത്തയറിഞ്ഞു നെടുമങ്ങാട്ടു നിന്നു ഫയര്‍ഫോഴ്സ് യൂണിറ്റും വിതുര, പൊന്‍മുടി സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാരും സ്ഥലത്തെത്തി. ലോറിയില്‍ നിന്നു തെറിച്ചുവീണു നെറ്റിയില്‍ മുറിവേറ്റു ചോര വാര്‍ന്നൊഴുകിയെങ്കിലും പരുക്ക് വകവയ്ക്കാതെ ഡ്രൈവര്‍ എളിന്‍ മോഹന്‍ കൊക്കയില്‍ നിന്നു കയറിവന്നു.