പാലോട്: ഉഴുതുമറിച്ച വിളഭൂമിയിലേക്ക് വിത്തെറിയുമ്പോള്‍ അവര്‍ക്ക് തികഞ്ഞൊരു ലക്ഷ്യമുണ്ടായിരുന്നു. ഇത്തവണയും ഒന്നാംസ്ഥാനംതന്നെ നേടണം. വിളകള്‍ നൂറുമേനി വിളവ് നല്‍കി. സീഡ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വിദ്യാലയത്തിന് നാല് അവാര്‍ഡുകളും. ഇതിന്റെ സന്തോഷത്തിലാണ് നന്ദിയോട് ജവഹര്‍ നവോദയ വിദ്യാലയത്തിലെ കുട്ടികളും അധ്യാപകരും.
'മാതൃഭൂമി' സീഡ് പുരസ്‌കാരത്തില്‍ ഊര്‍ജ സംരക്ഷണത്തിനുള്ള സംസ്ഥാന അവാര്‍ഡ്, ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ 'ഹരിതവിദ്യാലയ' അവാര്‍ഡ്, ബസ്റ്റ് ടീച്ചര്‍, ജെം ഓഫ് സീഡ് അവാര്‍ഡുകള്‍ എന്നിങ്ങനെ നാല് പുരസ്‌കാരങ്ങളാണ് ഇക്കുറി ജവഹര്‍ നവോദയ വിദ്യലയത്തിനെത്തേടി എത്തിയത്.
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് നവോദയ ഹരിതവിദ്യാലയ പുരസ്‌കാരം നിലനിര്‍ത്തുന്നത്. ഇത്തവണ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്ന അധ്യാപകന്‍ എന്‍. വിജയകുമാറിനാണ് ബെസ്റ്റ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡ്. നെല്‍കൃഷിയുടെ അപചയം, നഷ്ടമാകുന്ന നാടന്‍പൂക്കള്‍ എന്നിവയെപ്പറ്റി പഠനങ്ങള്‍ നടത്തിയ എസ്. ഹരികൃഷ്ണന്‍ ജെം ഓഫ് സീഡ് പുരസ്‌കാരത്തിനും അര്‍ഹനായി.
പാചകത്തിന് നീരാവി ഉപയോഗപ്പെടുത്തുന്ന സ്റ്റീം കുക്കിങ്, മാലിന്യത്തില്‍ നിന്നുള്ള ബയോഗ്യാസ്, വൈദ്യുതി ലാഭിക്കുന്നതിന് വിദ്യാലയത്തിലാകെ സി.എഫ്. ലാമ്പുകള്‍, പ്ലാസ്റ്റിക്‌രഹിത വിദ്യാലയം എന്നീ പദ്ധതികള്‍ നടപ്പിലാക്കി. അഗതികള്‍ക്ക് വസ്ത്രങ്ങളും ധാന്യകിറ്റുകളും വിതരണംചെയ്തു. ഗ്രാമീണ തൊഴിലുറപ്പിന് പോകുന്നവര്‍ക്ക് ബോധവത്കരണ ക്ലാസ് നല്‍കി. മൂന്നുഘട്ടങ്ങളിലായി വിളയിച്ചെടുത്ത പച്ചക്കറികള്‍ സമീപവിദ്യാലയങ്ങളില്‍ സൗജന്യമായി വിതരണം ചെയ്തു. പരിസരവാസികളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ജൈവ കീടനാശിനികള്‍ സ്വന്തമായി ഉത്പാദിപ്പിച്ച് സൗജന്യമായി വിതരണം ചെയ്തു. ഓല, കവുങ്ങിന്‍പാള എന്നിവയില്‍ നിന്നും പരമ്പരാഗത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റ് തുടങ്ങി. സ്‌കൂളിനാവശ്യമായ പച്ചക്കറിയുടെ 80 ശതമാനം സ്വന്തമായി ഉത്പാദിപ്പിച്ചു. ഇങ്ങനെ എണ്ണമറ്റ പ്രവര്‍ത്തനങ്ങളിലൂടെയാണ് നവോദയ ഇത്തവണ മുന്നേറിയത്.
മൂന്നാംവര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ തങ്ങളുടെ വിദ്യാലയത്തിന് നാല് അവാര്‍ഡുകള്‍ കിട്ടിയതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും ഇത് ഒരു കൂട്ടായ്മയുടെ വിജയമാണെന്നും നവോദയാ പ്രിന്‍സിപ്പല്‍ കെ.ഒ. രത്‌നാകരനും സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. വിജയകുമാറും പറഞ്ഞു.