പാലോട്: നന്ദിയോട് പച്ച നീന്തല്‍ക്കുളത്തില്‍ നടന്ന തിരുവനന്തപുരം ജില്ലാ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. 128 മത്സരങ്ങളില്‍നിന്നായി 655 പോയിന്റ് നേടി 35 ക്ലബ്ബുകളെ പിന്നിലാക്കി നന്ദിയോട് ഫൈറ്റേഴ്‌സ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. വെമ്പായം പുലരി ക്ലബ്ബാണ് 636 പോയിന്റുമായി തൊട്ടുപിന്നില്‍. സമാപനദിവസമായ ഞായറാഴ്ച അഞ്ച് റെക്കോഡുകള്‍ പിറന്നു. ഇതോടെ നാല് ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ ആകെ റെക്കോഡുകളുടെ എണ്ണം പതിനെട്ടായി. 50 മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക്കില്‍ എസ്. സുനീഷ് (ട്രാക്ക്-കരുമം), 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ സേബാപോള്‍ (സായി, എല്‍.എന്‍.സി.പി.), 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ജലാല തസ്‌നിം (കെ.എ.സി.), 50 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ നന്ദന (കെ.എ.സി) എന്നിവരാണ് അവസാനത്തെ റെക്കോഡ് വിജയികള്‍.
വാട്ടര്‍പോളോ ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ പിരപ്പന്‍കോട് ഡോള്‍ഫിനാണ് കപ്പ് കരസ്ഥമാക്കിയത്. 1300 നീന്തല്‍താരങ്ങള്‍ മത്സരിച്ച ജില്ലാ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ പിരപ്പന്‍കോട് ഡോള്‍ഫിനിലെ എസ്.എസ്.വൈശാഖും നന്ദിയോട് ഫൈറ്റേഴ്‌സിലെ രാഖി ഐ.വിയും ഏറ്റവും വേഗതയേറിയ നീന്തല്‍താരങ്ങളായി. 4x100 മീറ്റര്‍ റിലേ മത്സരങ്ങളിലും നന്ദിയോട് ഫൈറ്റേഴ്‌സാണ് ആധിപത്യം സ്ഥാപിച്ചത്. ആരതി, അഖില, മന്യമനോഹരന്‍, രാഖി ഐ.വി. എന്നിവരാണ് റിലേ ടീമിലെ അംഗങ്ങള്‍.
കാഴ്ചക്കാര്‍ക്കും മത്സരാര്‍ഥികള്‍ക്കും ഒരു പോലെ ആവേശം പകര്‍ന്നതായിരുന്നു മത്സരം. അവസാനനിമിഷം വരെ മാറി മറിഞ്ഞുനിന്ന പോയിന്റ് നിലയില്‍ 19 പോയിന്റിന്റെ വ്യത്യാസത്തിലാണ് നന്ദിയോട് ഫൈറ്റേഴ്‌സ് ആധിപത്യമുറപ്പിച്ചത്. 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ മത്സരം രണ്ട് പ്രാവശ്യം നടത്തേണ്ടിവന്നു. ആദ്യ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും റഫറിമാരുടെ പാകപ്പിഴമൂലം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നന്ദിയോട് ഫൈറ്റേഴ്‌സിലെ അഭിജിത്തിന്റെ അപ്പീലിന്മേലാണ് രണ്ടാമതും മത്സരം നടത്തിയത്.
അപ്പോഴും അഭിജിത്തിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം. നീന്തല്‍ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി സെല്‍വന്‍ ട്രോഫികള്‍ നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ അക്വാട്ടിക് അസോസിയേഷന്‍ പ്രസിഡന്റ് നരേന്ദ്രന്‍ നായര്‍, സെക്രട്ടറി മുരളീധരന്‍, നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവന്‍. ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജു മധുസൂദനന്‍. വാര്‍ഡ് അംഗം പുലിയൂര്‍ ജി.പ്രകാശ്, കേശവന്‍ നായര്‍, നെയ്യപ്പള്ളി അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. 25,26,27 തീയതികളില്‍ തിരുവനന്തപുരം എല്‍.എന്‍.സി.പി.യില്‍ നടക്കുന്ന സംസ്ഥാന മത്സരത്തിനുള്ള ടീമംഗങ്ങളെ ഇവിടെ നിന്നും തിരഞ്ഞെടുത്തു.