വിതുര. ബോംബ് നിര്‍മാണക്കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് ഒാടി രക്ഷപ്പെട്ടു. തിരുവനന്തപുരം കഴക്കൂട്ടംഎഫ്സിഐ ഗോഡൌണിനു പിന്നിലുള്ള ആളൊഴിഞ്ഞ സ്ഥലത്തു ബോംബ് നിര്‍മിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ചു രണ്ടുപേര്‍ക്കു പരുക്കേറ്റിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തിനാണു സംഭവം. ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി കേട്ടു നാട്ടുകാര്‍ ഒാടിയെത്തുകയും പരുക്കേറ്റു രക്തത്തില്‍ കുളിച്ചുകിടന്നവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. തുമ്പവിളയില്‍കുളം സ്വദേശി നിസാം (17), ശാന്തി നഗര്‍ സ്വദേശി അനീഷ് (23) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ തുമ്പ പൊലീസ് പിടികൂടി. അനീഷിനെ റിമാന്‍ഡ് ചെയ്തു. നിസാം ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഒപ്പമുണ്ടായിരുന്ന സുല്‍ഫി എന്ന യുവാവ് ഒാടി രക്ഷപ്പെട്ടതായി അനീഷും നിസാമും പൊലീസിനോടു പറഞ്ഞിരുന്നു. തുടര്‍ന്നു തുമ്പ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായില്ല. ഞായറാഴ്ച സുല്‍ഫി തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കിലുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു തുമ്പ പൊലീസും വിതുര പൊലീസും ചേര്‍ന്നു തോട്ടുമുക്ക് വീട്ടിലെത്തി.
പരിശോധന നടത്തുന്നതിനിടയില്‍ പൊലീസ്വലയം ഭേദിച്ചു സുല്‍ഫി ഒാടി രക്ഷപ്പെട്ടു. പൊലീസ് സംഘം
പിന്നാലെ പാഞ്ഞെങ്കിലും ആനപ്പെട്ടിയിലുള്ള ഒരു എസ്റ്റേറ്റിനുള്ളിലേക്കു പ്രതി ഒാടിക്കയറി. അപ്പോഴേക്കും രാത്രിയായി. തുടര്‍ന്നു മണിക്കൂറുകളോളം പൊലീസ് സംഘം എസ്റ്റേറ്റിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും സുല്‍ഫിയെ കണ്ടെത്താനായില്ല.
ബോംബ് പൊട്ടിത്തെറിച്ച സ്ഥലത്തു നിന്നു പൊട്ടാസ്യം ക്ളോറേറ്റിന്റെ അംശം പൊലീസും ഫോറന്‍സിക് വിദഗ്ധരും കണ്ടെത്തിയിരുന്നു. ഉഗ്രശേഷിയുള്ള ബോംബാണു നിര്‍മിച്ചതെന്നു പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടന്നുവരികയാണ്. ആര്‍ക്കുവേണ്ടിയാണു ബോംബ് നിര്‍മിച്ചതെന്നും എന്തിനു വേണ്ടിയാണെന്നും വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നു പൊലീസ് അറിയിച്ചു.