നന്ദിയോട്: തിങ്കളാഴ്ച ഇടതുസംഘടനകള്‍ സമരം പ്രഖ്യാപിച്ച് പൂട്ടിയ പച്ച ക്ഷേത്രത്തിനു സമീപത്തെ വിവാദമായ ടാര്‍ പ്ലാന്റ് വ്യാഴാഴ്ച കമ്പനി വീണ്ടും തുറന്നു. സ്ഥലത്തെത്തിയ നൂറിലധികം വരുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്ലാന്റ് വീണ്ടും പൂട്ടി. രൂക്ഷമായ പരിസരമലിനീകരണവും പകര്‍ച്ചവ്യാധികളും ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ നടത്തിയ സമരത്തിനു തൊട്ടുപിന്നാലെയാണ് ഇടതുസംഘടനകള്‍ പ്രശ്‌നം ഏറ്റെടുത്തത്.
രാവിലെ ഏഴുമണിയോടെ പ്ലാന്റ് പ്രവര്‍ത്തിച്ചു. ഒമ്പതു മണിക്ക് സമരക്കാരെത്തി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. പ്ലാന്റ് നന്ദിയോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ മതിയായ രേഖകളില്ലാതെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് സമരക്കാര്‍.
രാവിലെ മിക്‌സുചെയ്ത അസംസ്‌കൃതവസ്തുക്കള്‍ പുറത്തു കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് പ്ലാന്റ് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് രണ്ടു ലോഡ് സാധനങ്ങള്‍ പുറത്തുകൊണ്ടുപോയി. ഈ സമയം പാലോട് പോലീസ് സ്ഥലത്തെത്തി. കമ്പനിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് നാട്ടുകാര്‍ക്കും സമരക്കാര്‍ക്കുമുള്ള പരാതി മനസ്സിലാക്കിയശേഷം മുന്നോട്ടുപോകാമെന്നും ഇതിനായി പാലോട് സി.ഐ. മുമ്പാകെ ചര്‍ച്ച നടത്താമെന്നും തീരുമാനിച്ചതോടെയാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.
തുടര്‍ന്ന് പാലോട് സി.ഐ. പ്രദീപ്കുമാര്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടു. സമരസമിതി നേതാക്കള്‍, ടാര്‍പ്ലാന്റ് അധികൃതര്‍ എന്നിവരാണ് ചര്‍ച്ചയ്ക്ക് എത്തിയിരുന്നത്.
പഞ്ചായത്ത് ലൈസന്‍സ്, പൊല്യൂഷന്‍, ഹെല്‍ത്ത്, ഫയര്‍ഫോഴ്‌സ്, തഹസില്‍ദാരുടെ അനുമതിപത്രം എന്നിവയൊന്നുംതന്നെ ചര്‍ച്ചയില്‍ വയ്ക്കാനായില്ല. അതുകൊണ്ടുതന്നെ കമ്പനി അനധികൃതമായിട്ടാണ് പച്ചയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സമരസമിതിയുടെ പ്രതിനിധികള്‍ പറയുന്നു.
ഇക്കാരണങ്ങളാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം ഉണ്ടെന്ന കമ്പനിയുടെ വാദം തെറ്റാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് വരുംദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എം. നേതാവ് ജി.എസ്.ഷാബി, ആര്‍.എസ്.പി. നേതാവ് ജെ.ബാബു, സി.പി.ഐ. നേതാവ് വി.വൈ.അജിത് എന്നിവര്‍ അറിയിച്ചു. കഴിഞ്ഞദിവസം സമരം നടത്തിയതിന്റെ പേരില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ. നേതാക്കളുടെ പേരില്‍ കമ്പനി ഡി.ജി.പി. ഉള്‍പ്പെടെയുള്ളവര്‍ക്ക് കേസ് നല്‍കിയിരുന്നു.