വിതുര: വിതുര വേളാങ്കണ്ണിപ്പള്ളിയില്‍ മോഷണം നടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ വിതുര പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി അജിന്‍കുമാര്‍ (25) ആണ് അറസ്റ്റിലായത്. ഈ മാസം 20 ന് രാത്രി 11 മണിയോടെയാണ് പള്ളിയില്‍ മോഷണശ്രമം നടന്നത്. റോഡരികിലുള്ള കാണിക്കവഞ്ചിയുടെ പൂട്ട് കുത്തിത്തുറന്ന പ്രതി നാട്ടുകാരെ കണ്ട് രക്ഷപ്പെടുകയായിരുന്നു. പള്ളിയില്‍ നിന്ന് കുറച്ചുമാറി പാര്‍ക്കുചെയ്തിരുന്ന ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. മണ്ണുമാന്തി വാഹനത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട് ആര്യനാട്, വിതുര ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അജിന്‍കുമാര്‍ പറണ്ടോട്ട് വാടകമുറിയിലാണ് കഴിഞ്ഞിരുന്നത്. വിതുര എസ്.ഐ. സിജു കെ.എല്‍. നായര്‍, എ.എസ്.ഐ. വിജയന്‍, സി.പി.ഒ. വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.