നന്ദിയോട്: പച്ച ക്ഷേത്രത്തിന് സമീപത്തെ വിവാദം സൃഷ്ടിച്ച ടാര്‍ പ്ലാന്റിനെച്ചൊല്ലിയുള്ള സമരം ഒടുവില്‍ കോടതിയിലേക്ക്. ടാര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നു എന്നുകാട്ടി പ്ലാന്റിനെതിരെ സി.പി.എം. ജനകീയസമരം നടത്തിയിരുന്നു. സി.പി.എം. നന്ദിയോട് ലോക്കല്‍കമ്മിറ്റി സെക്രട്ടറി ജി.എസ്. ഷാബി, ഡി.വൈ.എഫ്.ഐ. നന്ദിയോട് ലോക്കല്‍സെക്രട്ടറി സജീഷ്, ഇവര്‍ക്ക് വേണ്ടുന്ന സഹായം ചെയ്തുകൊടുത്തു എന്ന കാരണത്താല്‍ പാലോട് സി.ഐ. പ്രദീപ്കുമാര്‍ എന്നിവര്‍ക്കെതിരെ എന്‍.എ.പി.സി. എന്ന കമ്പനിയാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
എന്നാല്‍ വെള്ളിയാഴ്ച കേസ് വിളിച്ചപ്പോള്‍ പി.ഡബ്ല്യു.ഡി., കെ.എസ്.ടി.പി. ഉദ്യോഗസ്ഥരെ കേസില്‍ ഉള്‍പ്പെടുത്താത്തതില്‍ കോടതി സംശയം പ്രകടിപ്പിച്ചു.
ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി വിളിച്ചുകൂട്ടാതെ സെക്രട്ടറി എന്‍.എ.പി.സി. എന്ന കമ്പനിക്ക് നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന പരാതിയിന്മേല്‍ അടിയന്തര കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ പ്രതിപക്ഷം കത്തുനല്‍കിയിരുന്നു.
ആനാട്-പാലോട്-ചല്ലിമുക്ക് റോഡ് ടാര്‍ ചെയ്യുന്നതിനാണ് കെ.എസ്.ടി.പി. നന്ദിയോട് പച്ചയില്‍ ടാര്‍ പ്ലാന്റ് തുടങ്ങിയത് എന്നാല്‍ ഇവിടത്തെ പണികള്‍ തീര്‍ന്നിട്ടും പ്ലാന്റ് പൊളിച്ചുമാറ്റിയില്ല. നാട്ടുകാരുടെ സമരത്തിന് പിന്തുണയുമായി ഇടതുസംഘടനകളും രംഗത്തുവന്നു. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ എത്തിയിരിക്കുന്നത്.