
വിതുര. കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സയന്‍സ് എജ്യൂക്കേഷന്‍ആന്‍ഡ് റിസര്‍ച്ച്(ഐസര്‍) മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.വിജയകുമാര്‍ സന്ദര്‍ശിച്ചു. ഇവിടത്തെ ലേബര്‍ക്യാംപുകള്‍ കാലിത്തൊഴുത്തിനെക്കാള്‍ പരിതാപകരമായ നിലയിലാണു പ്രവര്‍ത്തിക്കുന്നതെന്നും ഇതു മനുഷ്യാവകാശലംഘനമാണെന്നും ലേബര്‍ ക്യാംപില്‍ മുഖ്യമന്ത്രിയും മനുഷ്യാവകാശ കമ്മിഷനും അടിയന്തരമായി സന്ദര്‍ശനം നടത്തണമെന്നും വിജയകുമാര്‍ ആവശ്യപ്പെട്ടു.

ഇവിടെ ലേബര്‍ ക്യാംപില്‍ നിന്നുള്ള മാലിന്യം മക്കിയാറ് വഴി ആയിരക്കണക്കിനു പേര്‍ കുടിക്കുകയും കുളിക്കുകയും ചെയ്യുന്ന വാമനപുരം നദിയില്‍ ഒഴുകിയെത്തുന്നതു തടയണമെന്നും വിജയകുമാര്‍ ആവശ്യപ്പെട്ടു. ലേബര്‍ ക്യാംപിലെ തൊഴിലാളികളുടെ ദുരവസ്ഥയ്ക്കു നേരെ കണ്ണടയ്ക്കുന്ന സംസ്ഥാന തൊഴില്‍വകുപ്പിന്റെയും മന്ത്രിയുടെയും നടപടി കാടത്തമാണെന്നും
പ്രശ്നത്തിനു സത്വര പരിഹാരം കണ്ടില്ലെങ്കില്‍ സിപിഎം ഏറ്റെടുത്തു ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും എം.വിജയകുമാര്‍ പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ.മധു, വിതുര ഏരിയാ സെക്രട്ടറി പേരയംശശി, ലോക്കല്‍സെക്രട്ടറി കെ.വിനീഷ്കുമാര്‍, എന്‍.എം.സാലി, ഷാജി മാറ്റാപ്പള്ളി എന്നിവരും വിജയകുമാറിനോടൊപ്പം ഉണ്ടായിരുന്നു.