പാലോട്:പെരിങ്ങമ്മല പഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതി (ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി) യുടെ പ്രവര്‍ത്തനം ആഗോള അംഗീകാരത്തിലേക്ക്. സമിതിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ യു.എന്‍.സമിതിയിലെ ജൂറി അംഗങ്ങളായ ഡോ.സാവര്‍ക്കര്‍, ഡോ. മറീനാഗുഡ്മാന്‍ (സ്വിറ്റ്‌സര്‍ലന്റ്), ഡോക്യുമെന്‍േറഷന്‍ ടീമംഗങ്ങളായ സഞ്ജയ്, ശില്‍പ്പി എന്നിവര്‍ പഞ്ചായത്ത് സന്ദര്‍ശിച്ചു. ആഗോള തലത്തില്‍ മത്സരത്തിനപേക്ഷിച്ച 1500 സമിതികളില്‍ നിന്ന് അഞ്ച് സമിതികളാണ് അവസാന ഘട്ടത്തിലെത്തിയത്. ഇവയില്‍ ഇന്ത്യയില്‍ നിന്ന് പെരിങ്ങമ്മല ഉള്‍പ്പെടെ രണ്ട് ബി.എം.സികള്‍ മാത്രം. പെരിങ്ങമ്മല ബി.എം.സി തയാറാക്കിയ ജൈവവൈവിധ്യ രജിസ്റ്റര്‍ ലോകത്തിന് മാതൃകയാകുമെന്ന് ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അരിപ്പ, ശാസ്താംനട, പോട്ടോമാവ്, ബൊട്ടാണിക് ഗാര്‍ഡന്‍, ഞാറനീലി, വരയാട്ടുമുടി തുടങ്ങിയ പ്രദേശങ്ങളാണ് ജൂറി അംഗങ്ങള്‍ സന്ദര്‍ശിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല, സെക്രട്ടറി സൈനുലാബ്ദീന്‍, അംഗങ്ങളായ പ്രസാദ്, കൊച്ചുവിളഅന്‍സാരി, ഗീത, ബി.എം.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ.കമറുദ്ദീന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാലി പാലോട്, ഈശ്വരന്‍ കാണി, സലാഹുദ്ദീന്‍, സബ്കമ്മിറ്റി അംഗങ്ങളായ ജുനൈദ്ഹസന്‍, ഷംന ബദറുദീന്‍, സുചിത്ര, ദീപു തുടങ്ങിയവര്‍ ജൂറി അംഗങ്ങളോട് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ പ്രതിനിധികളായ മേരി ആന്‍, രാധാമണി, പെരിങ്ങമ്മല സിദ്ധ ആസ്പത്രിയിലെ ഡോ.രമ്യ എന്നിവരും സന്നിഹിതരായിരുന്നു.
പെരിങ്ങമ്മല ഇക്ബാല്‍ കോളേജ് ബോട്ടണി വിഭാഗം അധ്യാപകനും ബി.എം.സി കോ-ഓര്‍ഡിനേറ്ററുമായ ഡോ.എം.കമറുദ്ദീന്റെ നേതൃത്വത്തില്‍ മൂന്നു വര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് രജിസ്റ്റര്‍ തയാറാക്കിയത്. ഒക്ടോബര്‍ 9 മുതല്‍ 18 വരെ ഹൈദരാബാദില്‍ ചേരുന്ന ലോക ഭൗമ ഉച്ചകോടിയില്‍ പെരിങ്ങമ്മല ബി.എം.സിക്കുള്ള അംഗീകാരം പ്രഖ്യാപിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് സമിതിയംഗങ്ങള്‍.