WELCOME
Wednesday, September 26, 2012
പൊടിയക്കാലയിലേക്ക് ആദ്യത്തെ ബസ് വന്നു
വിതുര: വനമേഖലയായ പൊടിയക്കാലയിലേക്ക് ആദ്യമായി ബസ് എത്തി. പേപ്പാറ അണക്കെട്ടിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളെ പുനരധിവസിപ്പിച്ചിട്ടുള്ള പൊടിയക്കാലയില്‍ വൈദ്യുതി എത്തിയിട്ടും രണ്ടാഴ്ചയാവുന്നേയുള്ളൂ. ഇനിയും ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞിട്ടില്ലാത്തതിനാല്‍ വൈദ്യുത വിളക്കുകള്‍ കണ്‍തുറന്നിട്ടില്ലെന്നുമാത്രം.'കൊലകൊല്ലി'യെന്ന കാട്ടാന ഭയംവിതച്ചിരുന്ന പൊടിയക്കാലയും പുലിയിറങ്ങുന്ന മൊട്ടമൂടുമെക്കെ പൂര്‍ണമായും ആദിവാസി മേഖലയാണ്. വിതുരയില്‍ നിന്ന് മാങ്കാല, പട്ടന്‍കുളിച്ചപാറ, സുന്ദരിമുക്ക് വഴി പൊടിയക്കാലയിലേക്ക് ചൊവ്വാഴ്ച ആദ്യത്തെ ബസ് പുറപ്പെട്ടു. മുമ്പ് മാങ്കാലവരെ മാത്രമേ ഈ പാതയില്‍ ബസ് സര്‍വീസ് ഉണ്ടായിരുന്നുള്ളൂ. മാങ്കാലനിന്ന് വഴിതിരിഞ്ഞ് പേപ്പാറയിലേക്കായിരുന്നു ബസ് സര്‍വീസ്. ചൊവ്വാഴ്ച മൂന്നു പുതിയ ബസ് സര്‍വീസുകളാണ് വിതുരയില്‍ നിന്ന് ആരംഭിച്ചത്. വിതുര-കല്ലറ-മൊട്ടമൂട് സര്‍വീസും വിതുര-കരിപ്പാലം- മീനാങ്കല്‍ വഴി ആര്യനാട്ടേക്കുള്ള സര്‍വീസും പൊടിയക്കാല ബസ്സിനൊപ്പം തുടങ്ങി. സ്ഥലം എം.എല്‍.എ കൂടിയായ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഇടപെടലിനെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി ഈ മലയോരങ്ങളോട് കരുണകാണിച്ചത്. വിതുര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തി ജി.നായരുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് എല്‍.വി.വിപിനാണ് ബസ്സുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്.