പാലോട്: മദ്യപിച്ചെന്നാരോപിച്ച് ബൈക്ക് യാത്രക്കാരനായ ഗൃഹനാഥനെ പോലീസ് പിടിച്ചുകൊണ്ടുപോയി. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പതിമൂന്നുകാരനായ മകനെ റോഡില്‍ ഇറക്കി വിട്ടശേഷമാണ് പോലീസ് ഗൃഹനാഥനെ ജീപ്പില്‍ കയറ്റിക്കൊണ്ട് പോയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് എടുത്തുകൊണ്ടുപോയി.
ബൈക്ക് കഴുകാന്‍ സര്‍വീസ് സെന്ററിലേക്ക് മകനോടൊപ്പം പോവുകയായിരുന്ന നന്ദിയോട് ഊളന്‍കുന്ന് സ്വദേശിയായ ടാപ്പിങ് തൊഴിലാളിയെയാണ് പോലീസ് അപമാനിച്ചത്. മകനെ പിറകില്‍ കയറ്റി പാലോട് സര്‍വീസ് സെന്ററിലേക്ക് പോകുമ്പോഴാണ് സംഭവം. ഗ്രേഡ് എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സര്‍വീസ് സ്റ്റേഷന് സമീപത്ത് ബൈക്ക് തടഞ്ഞുനിര്‍ത്തി. മദ്യപിച്ചിട്ടുണ്ടെന്നാരോപിച്ച് പിതാവിനെ ജീപ്പില്‍കയറ്റിക്കൊണ്ടുപോയി. മകനെ വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ പറഞ്ഞശേഷം പോലീസ് ബൈക്കും സ്റ്റേഷനിലേക്ക് മാറ്റി. നടുറോഡില്‍ പേടിച്ചരണ്ടു നിന്ന കുട്ടിയെക്കണ്ട് നാട്ടുകാര്‍ ചുറ്റുംകൂടി. പിതാവ് മദ്യപിക്കാറില്ലെന്നും അസുഖബാധിതനാണെന്നും കുട്ടി പറഞ്ഞു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ എസ്.ഐ. വി.ബൈജുവിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പിടിച്ചുകൊണ്ടുപോയയാളെ പോലീസ് ജീപ്പില്‍തന്നെ കുട്ടിയുടെ സമീപത്തെത്തിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്. കുട്ടിയെ ഇറക്കിവിട്ടശേഷം പിതാവിനെ പിടിച്ചുകൊണ്ടുപോയത് സംബന്ധിച്ച് വിവരമന്വേഷിച്ച നാട്ടുകാരോടും ഗ്രേഡ് എസ്.ഐ. റഹീം അപമര്യാദയായി പെരുമാറിയെന്ന് പരാതിയുണ്ട്.