വിതുര: വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മദ്യപാനവും അതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും അവസാനിപ്പിക്കാന്‍ അധികൃതര്‍ ഇടപെടുന്നു. പേപ്പാറയിലെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലെ അനധികൃത താമസം നിര്‍ത്താന്‍ തീരുമാനമായി. ഡാമിന്റെ കാവല്‍ വിമുക്തഭടന്‍മാരെ ഏല്‍പ്പിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശക പരിശോധന ശക്തമാക്കാന്‍ വനംവകുപ്പും തീരുമാനിച്ചു. ഇവിടങ്ങളിലെ മദ്യപാനം വരുത്തിവെയ്ക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി ബുധനാഴ്ച പ്രസിദ്ധീകരിച്ച 'മാതൃഭൂമി' വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി. അതേസമയം കര്‍ശന നിരോധനമുണ്ടായിട്ടും പേപ്പാറ ഡാമിലെ മീന്‍പിടിത്തം ബുധനാഴ്ചയും തടസ്സമില്ലാതെ നടക്കുകയാണ്.കുടപ്പനക്കുന്നുകാരായ കുടുംബത്തിന് മദ്യപാനികളില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളെത്തുടര്‍ന്നാണ് പേപ്പാറയിലെ സര്‍ക്കാര്‍ ബംഗ്ലാവ് കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി പുറംലോകം അറിയുന്നത്. ആര്യനാട് ഭാഗത്തുനിന്നെത്തിയ ഇരുപതോളം പേരാണ് അക്രമം കാണിച്ചതെന്ന് ജലഅതോറിട്ടി ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രത്യേകാനുമതി ഉണ്ടെങ്കില്‍ മാത്രമേ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലെ മുറി ഇനിവാടകയ്ക്ക് നല്‍കൂവെന്നും ജല അതോറിട്ടി എ.എക്‌സ്.ഇ. സാജു വര്ഗീസ്പറഞ്ഞു. നഗരത്തിലേക്കുള്ള ശുദ്ധജല വിതരണം കണക്കിലെടുത്തും ഡാം സുരക്ഷ മുന്‍നിര്‍ത്തിയും പേപ്പാറ ജലസംഭരണിയില്‍ മത്സ്യബന്ധനത്തിന് നേരത്തേതന്നെ വിലക്കുണ്ട്. എന്നിട്ടും ബുധനാഴ്ച ഡാമിന് തൊട്ടുതാഴെ മീന്‍പിടിത്തം നടന്നു. ഇതിന് തൊട്ടടുത്താണ് മീന്‍പിടിത്തം നിരോധിച്ച് വനംവകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.