വിതുര: പൊന്മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ തേയിലഫാക്ടറിയിലെ യന്ത്രങ്ങള്‍ നീക്കംചെയ്യാനുള്ള മാനേജരുടെ ശ്രമത്തെ തോട്ടംതൊഴിലാളികള്‍ തടഞ്ഞു. യന്ത്രങ്ങള്‍ തകരാറിലാണെന്നും ഇവ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനും വേണ്ടിയാണ് യന്ത്രങ്ങള്‍ നീക്കം ചെയ്യുന്നതെന്നാണ് എസ്റ്റേറ്റ് ഉടമയും മാനേജരുമായ സേവി മനോമാത്യൂ പറയുന്നത്. എന്നാല്‍, പുതിയ യന്ത്രങ്ങള്‍ എത്തിച്ചതിനുശേഷം മാത്രമേ പഴയ യന്ത്രങ്ങള്‍ പൊളിച്ചുമാറ്റാന്‍ അനുവദിക്കുകയുള്ളൂവെന്ന് തൊഴിലാളികള്‍. ഫാക്ടറി ഇല്ലാതായാല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനം തകരും. നിരവധി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും. യന്ത്രങ്ങള്‍ തകരാറാണെന്ന കാരണം പറഞ്ഞ് മാസങ്ങളായി തേയില ഉല്‍പ്പാദനം ഫാക്ടറിയില്‍ നടക്കുന്നില്ല. അതുകൊണ്ട് തൊഴിലാളികള്‍ നിലവില്‍ നുള്ളിയെടുക്കുന്ന തേയിലക്കൊളുന്തുകള്‍ ചാക്കുകളിലാക്കി വിവിധ ഇടങ്ങളിലേക്ക് കയറ്റി അയക്കുകയാണ്. ഫാക്ടറിയിലെ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി നടത്തി തകരാര്‍ പരിഹരിച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ കഴിയുമത്രേ. ഇതിനുമുമ്പും ഇത്തരത്തിലുണ്ടായ തകരാറുകള്‍ പരിഹരിക്കാനും കഴിഞ്ഞിട്ടുണ്ട്. ഫാക്ടറിയിലെ മെഷീനുകള്‍ നീക്കി എസ്റ്റേറ്റ് പ്രവര്‍ത്തനം സ്തംഭിപ്പിക്കാനാണ് മാനേജരുടെ നീക്കം. കൊളുന്ത് ഫാക്ടറിയിലെത്തിച്ച് വിവിധ ഗ്രേഡില്‍പ്പെട്ട തേയിലകളാക്കി പായ്ക്ക് ചെയ്ത് കൊച്ചി മാര്‍ക്കറ്റിലേക്കാണ് അയച്ചിരുന്നത്. യന്ത്രങ്ങള്‍ തകരാറാണെന്ന് ധരിപ്പിച്ച് തേയിലക്കൊളുന്ത് പുറത്തേക്ക് വില്‍പ്പന നടത്തുകയാണെന്നാണ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചിട്ടുള്ളത്. - See more at: http://www.deshabhimani.com/newscontent.php?id=288717#sthash.QigLmF29.dpuf