പാലോട്: ജോലിയില്‍ നിന്ന് വിരമിക്കുന്ന സഹപ്രവര്‍ത്തകനെ യാത്രയയയ്ക്കാന്‍ ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തതിനെ തുടര്‍ന്ന് പാലോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ചൊവ്വാഴ്ച 14 സര്‍വീസുകള്‍ മുടങ്ങി. നല്ല നിലയില്‍ കളക്ഷന്‍ ലഭിച്ചിരുന്ന രാവിലെ 8.20 ന്റെ തെന്മല- തിരുവനന്തപുരം വേണാട് സര്‍വീസ്, തെന്നൂര്‍-തിരുവനന്തപുരം തുടങ്ങി നിരവധി സര്‍വീസുകളാണ് മുടങ്ങിയത്. ഡിപ്പോയില്‍ ആകെ 40 സര്‍വീസുകളാണുള്ളത്. ഇവയില്‍ പതിനാലെണ്ണം മുടങ്ങിയതോടെ പ്രതിദിന വരുമാനത്തില്‍ ഒരുലക്ഷത്തിലധികം രൂപയുടെ കുറവുണ്ടായി.
പാലോട് ഡിപ്പോയില്‍ ഡ്രൈവര്‍ക്ഷാമം രൂക്ഷമാണെന്ന് അധികൃതര്‍ പറയുന്നു. ആകെ 107 ഡ്രൈവര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ സ്ഥിരമായി ജോലിക്കെത്തുന്നത് 84 പേര്‍ മാത്രമാണ്. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള ഇരുപത്തിയഞ്ചോളം ഡ്രൈവര്‍മാര്‍ മാസത്തിലെ ആദ്യ പതിനഞ്ച് ദിവസത്തിനകം തന്നെ ഡ്യൂട്ടി പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് മടങ്ങും. അവശേഷിക്കുന്നവരെക്കൊണ്ടാണ് ഡിപ്പോയിലെ 40 സര്‍വീസുകള്‍ നടത്തേണ്ടത്. ഇവരില്‍ ആരെങ്കിലും അവധിയെടുത്താല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയല്ലാതെ നിര്‍വാഹമില്ല. പത്തുസര്‍വീസുകള്‍ വരെ മുടങ്ങിയ നിരവധി ദിവസങ്ങളുണ്ടായിട്ടുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. ഓരോ മാസവും ശരാശരി നൂറ് സര്‍വീസുകള്‍ വരെ ഇവിടെ വെട്ടിക്കുറയ്ക്കാറുണ്ട്. ഡിപ്പോയില്‍ നിന്ന് മൂന്നുമാസം മുമ്പുവരെ അഞ്ച് സ്റ്റേ സര്‍വീസുകള്‍ നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ ഒരു സ്റ്റേ സര്‍വീസ് മാത്രമാണ് നിലവിലുള്ളത്.
ഇടിഞ്ഞാര്‍, അഗ്രിഫാം, തെന്നൂര്‍ തുടങ്ങി കെ.എസ്.ആര്‍.ടി.സി.യെ മാത്രം ആശ്രയിച്ച് കഴിയുന്ന സ്ഥലങ്ങളിലുള്ളവരാണ് അവിചാരിതമായ സര്‍വീസ് മുടക്കത്തില്‍ വിഷമാവസ്ഥയിലാകുന്നത്. പ്രധാന റൂട്ടായ കാരേറ്റ്-പാലോട് റോഡില്‍ വൈകീട്ട് ആറുകഴിഞ്ഞാല്‍ ഒരു സര്‍വീസ് പോലുമില്ല എന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ഡ്രൈവര്‍മാരെ നിയമിക്കുന്നതിനുള്ള പി.എസ്.സി. ലിസ്റ്റ് നിലവിലുണ്ടെങ്കിലും നിയമനം വൈകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.