വിതുര: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (ഐസര്‍) ന്റെ ആദ്യ ദക്ഷിണേന്ത്യന്‍ ക്യാമ്പസിന്റെ നിര്‍മ്മാണത്തില്‍വഴിവിട്ട നടപടിക്ക് നീക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ പണി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് തുറന്നു സമ്മതിച്ച കരാറുകാര്‍ക്ക് ചട്ടവിരുദ്ധമായി 10 കോടി രൂപ നല്‍കാനാണ് ഉദ്യോഗസ്ഥതലത്തില്‍ തീരുമാനമായത്. പണി ചെയ്യാതെ പൈസ നല്‍കാന്‍ നിര്‍മ്മാണ കരാറില്‍ വ്യവസ്ഥയില്ല. എന്നിട്ടും പലിശരഹിത ധനസഹായമായി 10 കോടി നല്‍കാനാണ് നീക്കം. തിരുവനന്തപുരത്ത് കഴിഞ്ഞദിവസം നടന്ന യോഗത്തിലുണ്ടായ ഈ തീരുമാനം ഉടന്‍ നടപ്പിലാക്കാന്‍ തിരക്കിട്ട ശ്രമം നടക്കുന്നുണ്ട്.
തിരുവനന്തപുരത്ത് കോളേജ് ഓഫ് എന്‍ജിനീയറിങ്ങിനോടു ചേര്‍ന്ന് താത്കാലികമായി പ്രവര്‍ത്തിക്കുന്ന ഐസറിന് വിതുരയിലെ ക്യാമ്പസിന്റെ പണി പൂര്‍ത്തിയായാലേ ഇങ്ങോട്ട് മാറാനാവൂ. ആദ്യഘട്ട നിര്‍മ്മാണത്തിനുമാത്രം 500 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയത്. ഇതില്‍ 300 കോടിയുടെ പ്രധാന കരാര്‍ സ്വന്തമാക്കിയ ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് ഏറെനാളായി സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. 24 മാസം കൊണ്ട് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടിയോളം രൂപ കമ്പനി കൈപ്പറ്റിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിന്റെയും മറ്റും പണിക്ക് കരാറെടുത്ത ഈ കമ്പനിക്ക് അതിലുണ്ടായ നഷ്ടമാണ് തിരിച്ചടിയായതെന്ന് സൂചനയുണ്ട്.
ശമ്പളം കിട്ടാത്തതിനാല്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ വന്ന ബസ്സില്‍ തന്നെ വിതുരയില്‍ നിന്ന് മടങ്ങുന്ന കാഴ്ചയാണ് മാസങ്ങളായി. നിര്‍മ്മാണപ്രവര്‍ത്തനത്തിന് ഇന്ധനം നല്‍കുന്ന വിതുരയിലെ പെട്രോള്‍ പമ്പിന് പോലും നല്‍കാനുണ്ട് ലക്ഷങ്ങള്‍. 18 മാസം കൊണ്ട് വിതുരയിലെ ക്യാമ്പസിലേക്ക് മാറാമെന്ന് സ്വപ്നം കണ്ട ഐസറിലെ ആദ്യബാച്ച് വിദ്യാര്‍ഥികള്‍ കഴിഞ്ഞ മാസം പഠനം പൂര്‍ത്തിയാക്കിയിറങ്ങിയത് നാണക്കേടിന്റെ കാഴ്ചയായിരുന്നു. വിതുരയിലെ പണിതീരാ ക്യാമ്പസില്‍ വച്ച് ആരെയും അറിയിക്കാതെ ബിരുദദാന ചടങ്ങ് നടത്തുകയും ചെയ്തു.
തിരുവനന്തപുരത്തെ താത്കാലിക ക്യാമ്പസിനോട് ചേര്‍ന്ന് താമസത്തിനും മറ്റുമായി ലക്ഷങ്ങളാണ് ഓരോ മാസവും കേന്ദ്ര ഖജനാവില്‍ നിന്ന് ഒഴുകുന്നത്. കരാര്‍ റദ്ദാക്കി മറ്റൊരു കമ്പനിയെ നിര്‍മ്മാണം ഏല്‍പ്പിക്കാനുള്ള ചര്‍ച്ചയ്ക്കാണ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം ഹോട്ടലില്‍ ഒത്തുകൂടിയത്. പക്ഷേ കരാറുകാരുമായി ചങ്ങാത്തമുള്ള ചിലര്‍ തീരുമാനം ഇങ്ങനെയാക്കി. യോഗത്തിന് ആധ്യക്ഷ്യം വഹിച്ച സ്ഥാപനമേധാവി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സ്ഥാനമൊഴിഞ്ഞ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലേയ്ക്ക് പോകുകയും ചെയ്തു. മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലാണെങ്കിലും ഐസറിന് സ്വയംഭരണ പദവിയുള്ളതിനാല്‍ കേന്ദ്രമന്ത്രി ശശിതരൂര്‍ അറിയാതെയാണ് യോഗം നടന്നത്.