വിതുര: ബോണക്കാട്ടേയ്ക്ക് മത്സ്യവിതരണത്തിന് പോയ ഓട്ടോറിക്ഷ കാട്ടാന കുത്തിമറിച്ച് കൊക്കയിലിട്ടു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് ഇതുവഴി വന്ന ബൈക്ക് യാത്രികന്‍ ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട്ടുനിന്ന് അഗ്‌നിശമനസേന എത്തി മത്സ്യത്തൊഴിലാളികളെയും ഓട്ടോറിക്ഷയെയും കരയ്ക്ക് കയറ്റി. തോട്ടുമുക്ക് സ്വദേശികളായ ബിജു, സജാദ് എന്നിവരാണ് പരുക്കുകളോടെ രക്ഷപെട്ടത്. ഇവരെ ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ വിതുര ആസ്പത്രിയിലെത്തിച്ചു. ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്നു. ആനയെ കണ്ട് വണ്ടി പിന്നോട്ടെടുത്തെങ്കിലും കൊമ്പുകൊണ്ട് കുത്തിമറിക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സ്റ്റേഷന്‍ഓഫീസര്‍ സെബാസ്റ്റ്യന്‍ ലോപ്പസ്, ലീഡിങ് ഫയര്‍മാന്‍ രാജേന്ദ്രന്‍ നായര്‍, ഫയര്‍മാനായ മാര്‍ട്ടിന്‍ ജോസ്, സുലൈമാന്‍, അശോകന്‍, അനില്‍കുമാര്‍, സജീവ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.