വിതുര: പേപ്പാറ ഡാം നിര്‍മാണ വേളയില്‍ ബാക്കിവന്ന ഇരുമ്പ് പാളങ്ങള്‍ കഴിഞ്ഞദിവസം രാത്രി ലോറിയില്‍ കടത്തി. ജലസംഭരണികളിലായിരുന്ന പാളങ്ങള്‍ ഈയിടെയാണ് പുറത്തെടുത്തത്. ജലനിരപ്പ് കുറഞ്ഞപ്പോള്‍ 45ഓളം എണ്ണം പുറത്തെടുത്തെങ്കിലും ജല അതോറിട്ടിയുടെ ഗോഡൗണില്‍ പന്ത്രണ്ടോളം എണ്ണമേ എത്തിയുള്ളു.
ഒരോന്നിനും 75 കിലോഗ്രാം ഭാരമുള്ള പാളങ്ങളില്‍ ബാക്കി ചില താത്കാലിക ജീവനക്കാരുടെ മുറിയിലേക്കാണ് പോയത്. ഇത് കഴിഞ്ഞദിവസം അര്‍ധരാത്രിക്കുശേഷം ലോറിയില്‍ കടത്തുകയായിരുന്നു. അരലക്ഷത്തോളം രൂപയുടെ സാമഗ്രികള്‍ നഷ്ടപ്പെട്ടു. പോലീസില്‍ പരാതി നല്‍കാന്‍ ജല അതോറിട്ടി അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
പേപ്പാറയില്‍ നടന്നുവരുന്ന മോഷണ പരമ്പരയുടെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇരുമ്പ് പാളം കടത്ത്. വനംവകുപ്പിന്റെ ബോട്ട് എന്‍ജിന്‍ കടത്തിയത് ഈയിടെയാണ്. കെട്ടിടങ്ങളിലെ ഫര്‍ണിച്ചറും മറ്റും ചില ജീവനക്കാര്‍ തന്നെ കൊണ്ടുപോയി. ഡാമിന്റെ കാവല്‍ വിമുക്തഭടന്മാരെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ച എ.എക്‌സ്.ഇ. സാജു വര്‍ഗീസിനെ സ്ഥലംമാറ്റുകയും ചെയ്തു.